അഖിലേന്ത്യാ അക്കൗണ്ടിംഗ്‌ സമ്മേളനം തുടങ്ങി

Sunday 10 December 2023 12:00 AM IST

തിരുവനന്തപുരം: 45ാം അഖിലേന്ത്യാ അക്കൗണ്ടിംഗ്‌ കോൺഫറൻസിന് കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ തുടങ്ങി. കോമേഴ്സ് വകുപ്പും ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷനും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഡോ. ബിജുജേക്കബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ജസ്റാജ് ബൊഹ്റ അദ്ധ്യക്ഷനായി. മദ്രാസ് ഐ.ഐ.ടി മാനേജ്മെന്റ് വിഭാഗം മേധാവി പ്രൊഫ എം. തേന്മൊഴി, അമേരിക്കയിലെ പുവർ ടോറികോ യൂണിവേഴ്സിറ്റി പ്രൊഫസർ ജസ്റ്റിൻ പോൾ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ വ്യവസായിയും അൽ മുക്താദിർ ജുവലറി ഗ്രൂപ്പ് ഉടമയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാമിന് എമർജിംഗ് എന്റർപ്രണർ അവാർഡ് സമ്മാനിച്ചു. കോൺഫറൻസ് സുവനീർ ഡോ. ബിജു ജേക്കബ് ജസ്റാജ് ബൊഹ്റക്ക് നൽകി പ്രകാശനം ചെയ്തു.

യുവ ഗവേഷക പുരസ്കാരങ്ങളും അഖിലേന്ത്യ അക്കൗണ്ടിംഗ് ടാലന്റ് സെർച്ച് എക്സാമിനേഷൻ വിജയികൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. ഇന്ത്യൻ അക്കൗണ്ടിംഗ് അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രൊഫ സഞ്ജയ് ഭയാനി, കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.