@ പാർക്കിംഗ് പ്ലാസ: പ്രതിഷേധം ഫലം കണ്ടു 'സത്രം' കെട്ടിടാവശിഷ്ടം പകുതിയിലേറെയും നീക്കി

Sunday 10 December 2023 11:54 PM IST
മിഠായിത്തെരുവിൽ പണിയുന്ന പാർക്കിംഗ് പ്ലാസയ്ക്ക് വേണ്ടി പൊളിച്ച സത്രം കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ

കോഴിക്കോട് : നഗരത്തിൽ പാർക്കിംഗ് പ്ലാസ നിർമ്മിക്കുന്നതിനായി മിഠായിത്തെരുവിലെ പൊളിച്ച സത്രം കെട്ടിടത്തിന്റെ അവശിഷ്ടം ഇനി ആളുകൾക്ക് തലവേദനയാകില്ല. തെരുവിന്റെ ഭംഗി ചോർത്തിയും പൊടി പറത്തിയും കൂട്ടിയിട്ട കല്ലും മണ്ണും കോൺക്രീറ്റും കമ്പികളും പകുതിയിലധികവും നീക്കി. കെട്ടിടം പൂർണമായും പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അവശിഷ്ടം നീക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കോർപ്പറേഷൻ നടപടി വേഗത്തിലാക്കിയത്. മിഠായിത്തെരുവിന്റെ സൗന്ദര്യം നശിപ്പിക്കുന്ന മട്ടിൽ കൂട്ടിയിട്ടിരുന്ന കെട്ടിടാവശിഷ്ടം സന്ദർശകർക്കും വ്യാപാരികൾക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും പാർക്കിംഗ് പ്ലാസ എന്ന കോർപ്പറേഷന്റെ സ്വപ്ന പദ്ധതി എന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ ഇനിയും തിരുമാനമായിട്ടില്ല. പാർക്കിംഗ് പ്ലാസ നിർമ്മാണം ആഗസ്റ്റിൽ തുടങ്ങാനായി കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു പഴയ സത്രം കെട്ടിടം പൊളിക്കൽ തുടങ്ങിയത്. നവംബറിൽ പൂർത്തിയാക്കും എന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും കോർപ്പറേഷന്റെ അലംഭാവം കാരണം പൊളിക്കൽ കഴിഞ്ഞ ജൂലായ് വരെ നീണ്ടു. ഇതോടെ പാർക്കിംഗ് പ്ലാസയ്ക്ക് ആഗസ്റ്റിൽ തറക്കല്ലിടാമെന്ന കേർപ്പറേഷന്റെ വാഗ്ദാനവും നീണ്ടുപോയി. 2017 ലെ നവീകരണത്തിന് ശേഷം മിഠായിത്തെരുവിലേക്ക് വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ നിയന്ത്രണം വന്നതോടെ കിഡ്സൺ കോർണറിലും വൈക്കം മുഹമ്മദ് ബഷീർ റോഡിലും പാർക്കിംഗ് വ്യാപകമായി. ഇവിടങ്ങളിലെ ഓട്ടോ, കാർ പാർക്കിംഗ് കാൽനടയാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിന് പരിഹാരം എന്ന നിലയിലാണ് കോർപ്പറേഷൻ പാർക്കിംഗ് പ്ലാസ പദ്ധതി കൊണ്ടുവന്നത്. എന്നാൽ പദ്ധതി പ്രഖ്യാപന സമയത്തെ ആവേശം പിന്നീട് ഇല്ലാതായി. നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമായിരുന്ന പദ്ധതിയാണ് മാസങ്ങൾ കഴിഞ്ഞിട്ടും കോർപ്പറേഷന്റെ അനാസ്ഥ മൂലം ഇഴഞ്ഞുനീങ്ങുന്നത്. 30 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി യാഥാർത്ഥ്യമായാൽ 290 കാറുകളും ആയിരത്തോളം ഇരുചക്ര വാഹനങ്ങളും ഇവിടെ പാർക്ക് ചെയ്യാൻ കഴിയും.

@ പാർക്കിംഗ് പ്ലാസ വൈകില്ല

പാർക്കിംഗ് പ്ലാസ പദ്ധതി നഗരത്തിന് അത്യാവശ്യമണെന്ന് കോർപ്പറേഷൻ മനസിലാക്കുന്നു. പദ്ധതിയുടെ കാര്യത്തിൽ ഉടൻ നടപടിയുണ്ടാകും. പൊളിച്ച കെട്ടിടാവശിഷ്ടം നീക്കുന്ന പ്രവൃത്തി കൃത്യമായി നടക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല.

- പി.സി .രാജൻ

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

കോഴിക്കോട് കോർപ്പറേഷൻ.

Advertisement
Advertisement