11കാരിയെ കൊലപ്പെടുത്തി, മലയാളി കുടുംബം കര്‍ണാടകയിലെ റിസോർട്ടിൽ മരിച്ച നിലയിൽ

Sunday 10 December 2023 7:32 PM IST

ബംഗളൂരു: കര്‍ണാടകയിലെ റിസോര്‍ട്ടില്‍ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയില്‍. കൊല്ലം സ്വദേശികളായ വിനോദ് (43), ഭാര്യ ജിബി എബ്രഹാം (37) ഇവരുടെ മകള്‍ ജെയിന്‍ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്. കുടകിലെ കഗോഡ്‌ലു ഗ്രാമത്തിലെ റിസോര്‍ട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊല്ലത്ത് സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു വിനോദ്. മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി.

ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറ് മണിക്കാണ് റിസോര്‍ട്ടിലെത്തി ഇവര്‍ മുറിയെടുത്തത്. ശനിയാഴ്ച രാവിലെ മടങ്ങുമെന്നാണ് റിസോര്‍ട്ട് ജീവനക്കാരെ അറിയിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം റൂമില്‍ നിന്ന് പുറത്ത് പോയ ഇവര്‍ സ്ഥലങ്ങള്‍ കണ്ട ശേഷം രാത്രിയോടെ റൂമിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാവിലെ പത്ത് മണി കഴിഞ്ഞിട്ടും ഇവരെ പുറത്ത് കാണാതായപ്പോള്‍ സംശയം തോന്നിയാണ് ജീവനക്കാര്‍ മുറി പരിശോധിച്ചത്.

മാതാപിതാക്കളെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മകളെ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നാണ് മൃതദേഹങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ ദമ്പതികള്‍ പറഞ്ഞിരിക്കുന്നത്. റിസോര്‍ട്ട് ജീവനക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മടിക്കേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പരിശോധിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയിതിട്ടുണ്ട്.

മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.സാമ്പത്തികപ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നും കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കുകയായിരുന്നുവന്നുമാണ് പ്രാഥമിക നിഗമനം.