ഡോളറിന് പരീക്ഷണ കാലം

Monday 11 December 2023 12:55 AM IST

കൊച്ചി: നാണയപ്പെരുപ്പം കുറഞ്ഞതോടെ ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് കുറയ്ക്കാൻ ഒരുങ്ങുന്നതിനാൽ ആഗോള നാണയമായ അമേരിക്കൻ ഡോളർ കടുത്ത വെല്ലുവിളികൾ നേരിടുന്നു. വൻകിട നിക്ഷേപകർ മികച്ച സാദ്ധ്യതയുള്ള സ്വർണത്തിലേക്കും വികസ്വര രാജ്യങ്ങളിലെ ഓഹരി വിപണികളിലേക്കും പണം മാറ്റുന്നതാണ് ഡോളറിന് സമ്മർദ്ദം സൃഷ്ടിക്കുന്നത്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡോളറിന് ലഭിച്ച അപ്രമാധിത്യം നഷ്ടമാകുകയാണെന്ന് അനലിസ്റ്റുകൾ പറയുന്നു. ഇന്ത്യയും ചൈനയും മുതൽ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും അറബ്, ആഫ്രിക്കൻ രാജ്യങ്ങളും വരെ ഡോളർ ഉപയോഗിച്ചുള്ള വ്യാപാരങ്ങൾക്ക് ബദൽ മാർഗം തേടുന്നതാണ് പുതിയ വെല്ലുവിളി. ഡോളറിന്റെ മൂല്യത്തിലുണ്ടായ വർദ്ധന താങ്ങാനാവാത്തതിനാൽ പല വികസ്വര രാജ്യങ്ങളും വിദേശ നാണയ ശേഖരത്തിൽ സ്വർണം ഉൾപ്പെടെയുള്ള ബദൽ ആസ്തികൾ കൂടുതലായി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.

കഴിഞ്ഞ വർഷം മേയ് മാസത്തിന് ശേഷം അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് തുടർച്ചയായി വായ്പാ പലിശ നിരക്കുകൾ കുത്തനെ ഉയർത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളറിന്റെ മൂല്യം റെക്കാഡ് ഉയരത്തിലെത്തിയിരുന്നു. ഇതോടെ ഉഭയ കക്ഷി വ്യാപാരത്തിലും വിദേശ നാണയ ശേഖരത്തിലും അമേരിക്കൻ ഡോളർ ഉൾപ്പെടുത്തുന്നതിന്റെ അധിക ബാധ്യത താങ്ങാൻ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പല രാജ്യങ്ങളും വിഷമം നേരിടുകയാണ്.

Advertisement
Advertisement