ആവേശ കൊടുമുടിയിൽ വിദേശ നിക്ഷേപകർ
കൊച്ചി: കഴിഞ്ഞ ആറ് വ്യാപാര ദിനങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകർ മുടക്കിയത് 26.505 കോടി രൂപ. മൂന്ന് വലിയ സംസ്ഥാനങ്ങളിൽ മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിൽ എത്തിയതിനാൽ രാഷ്ട്രീയ സുസ്ഥിരത ഉറപ്പാണെന്ന വിശ്വാസം ഏറിയതാണ് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരിൽ ആവേശം സൃഷ്ടിച്ചത്. ഒക്ടോബറിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ 9.000 കോടി രൂപ നിക്ഷേപിച്ചിരുന്നു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ 39,000 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറിയതിനുശേഷമാണ് വിദേശ സ്ഥാപനങ്ങൾ വാങ്ങൽ മോഡിലേക്ക് മാറുന്നത്.
ചൈനയ്ക്ക് ബദലായി ലോക വ്യവസായ ഭൂപടത്തിലെ വലിയ ശക്തിയായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നതിനാൽ വരും ദിവസങ്ങളിലും ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുത്തനെ കൂടാനാണ് സാദ്ധ്യതയെന്ന് ഓഹരി അനലിസ്റ്റുകൾ പറയുന്നു.
ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുമ്പോഴും ഇന്ത്യ മികച്ച വളർച്ച നേടുന്നതാണ് വിദേശ നിക്ഷേപകർക്ക് ആവേശം സൃഷ്ടിക്കുന്നത്. അമേരിക്കയിലെ കടപ്പത്രങ്ങളുടെ മൂല്യത്തിലുണ്ടാകുന്ന കുറവും ആഗോള മാന്ദ്യ സൂചനകളും മൂലം മികച്ച വളർച്ചാ സാദ്ധ്യതയുള്ള വിപണിയായാണ് ഇന്ത്യയെ വിലയിരുത്തുന്നത്. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ വരും ദിവസങ്ങളിൽ അമേരിക്കയും യൂറോപ്പും മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്താനിടയുണ്ടെന്ന് വിലയിരുത്തുന്നു. ഇതോടെ ഡോളർ, യു. എസ് കടപ്പത്രങ്ങൾ എന്നിവയിൽ നിന്നും നിക്ഷേപകർ പിന്മാറുകയാണ്.