കനത്ത മഴ: ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു, ഇംഗ്ലണ്ടിനെതിരെ വനിതാ ടീമിന് ആശ്വാസ ജയം
ഡര്‍ബന്‍: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ട്വന്റി-20 മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. കനത്ത മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാനാകാതെയാണ് മത്സരം ഉപേക്ഷിച്ചത്.
മൂന്ന് മത്സര പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ യുവ സംഘമാണ് ടി20 പരമ്പരയില്‍ അണിനിരക്കുന്നത്.
അതേസമയം വനിതകളുടെ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ പരമ്പര നഷ്ടപ്പെടുത്തിയിരുന്നു.
മുംബയില്‍ നടന്ന അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകളുടെ വിജയം. 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റും 25 റണ്‍സ് നേടിയ ആമി ജോണ്‍സും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ 20 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഇന്ത്യന്‍ ബാളര്‍മാരായ ശ്രീയങ്ക പാട്ടീലും സായ്ക ഇഷാക്കും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടിയത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരോവര്‍ ബാക്കി നിര്‍ത്തിയാണ് ഇംഗ്ലണ്ടിനെ മറികടന്നത്. സമൃതി മന്ദാന (48), ജമീമ റോഡ്രിഗ്‌സ് (29) എന്നിവര്‍ ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ നറ്റാലിയ സിവര്‍ ബ്രന്റ് ആണ് പ്ലെയര്‍ ഓഫ് ദി സീരീസ്.