തുന്നിച്ചേർത്ത കൈകളാൽ മിനി ഗോൾഫിൽ മിന്നും പ്രകടനം
തിരുവനന്തപുരം: തുന്നിച്ചേർത്ത ഇരുകൈകളിലും ഗോൾഫ് ദണ്ഡ് മുറുകെ പിടിച്ച് കുഴിയിലേക്ക് പന്ത് പായിക്കുമ്പോൾ മനുവിന് തികഞ്ഞ ആത്മവിശ്വാസം. കഴിഞ്ഞദിവസം കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ മിനി ഗോൾഫിൽ കാഴ്ചവച്ചത് മികച്ച പ്രകടനം.
അന്യസംസ്ഥാനക്കാരായ യാത്രക്കാരിൽ ചിലർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചവിട്ടി തള്ളിയപ്പോൾ മുട്ടിനു താഴെ അറ്റുപോയ ഇരുകൈകൾക്കും പകരം അവയവദാനത്തിലൂടെ തുന്നിച്ചേർത്ത കൈകളാണ് ഗോൾഫ് കളിയിലും മനുവിന് ആത്മധൈര്യമേകുന്നത്. രാജ്യത്തെ ആദ്യ കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത് മനുവിലാണ്.
തൊടുപുഴ തൊമ്മൻകുത്തിൽ രാജഗോപാലപിള്ളയുടെയും ഇന്ദിരയുടെയും മകനായ മനു (40) ഇതിനെല്ലാം കടപ്പെട്ടിരിക്കുന്നത് വരാപ്പുഴ സ്വദേശി ബിനോയ്‌യുടെ (25) കുടുംബത്തോടും സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസ്ഞ്ജീവനിയോടുമാണ്. പിന്നെ തണലായി നിന്ന സഹോദരങ്ങൾ രാജ്മോഹനും സനുവിനോടും. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച ബിനോയ്‌യുടെ കൈകളാണ് മനുവിൽ തുന്നിച്ചേർത്തത്. സ്കൂട്ടറും കാറുമൊക്കെ ഇന്ന് ഓടിക്കാനാവുന്നുണ്ട്. അത്യാവശ്യം തൂമ്പ എടുത്ത് കിളയ്ക്കാനും.
2013ലായിരുന്നു ട്രെയിനിലെ അത്യാഹിതം. 2015ലാണ് പകരം കൈകൾ തുന്നിച്ചേർത്തത്. കൊച്ചി അമൃത ആശുപത്രിയിലെ ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിൽ 16 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. രക്തക്കുഴലുകളും ഞരമ്പുകളും മൈക്രോസ്‌കോപ്പിക് സർജറിയിലൂടെയാണ് തുന്നിച്ചേർത്തത്. ഒരുവർഷത്തോളം ഫിസിയോതെറാപ്പി. അതോടെ കൈകൾക്ക് പൂർണ ആരോഗ്യം കൈവന്നു. ഗോൾഫ് കളിയിലെ താത്പര്യംമൂലമാണ് ഗെയിംസിൽ പങ്കെടുത്തത്. അമൃത ആശുപത്രിയിൽ ട്രാൻസ്‌പ്ലാന്റ് കൗൺസലിംഗ് അസിസ്റ്റന്റാണ് മനു. അമൃതയിൽ നഴ്സായ ശ്രീജയാണ് ഭാര്യ. മക്കൾ ആദികേശ്, കൃപാലക്ഷ്മി.
ചോരവാർന്ന് ട്രാക്കിൽ
ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യവേ 2013 മാർച്ച് 23ന് ആലുവയിൽ നിന്ന് മൂകാംബികയിലേക്ക് മാവേലി എക്സ്‌പ്രസിലെ യാത്രയ്ക്കിടെയായിരുന്നു മനുവിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം. ട്രെയിനിൽ അന്യസംസ്ഥാനക്കാരായ മൂവർ സംഘത്തിന്റെ സിഗരറ്റ് വലി ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതരായി അർദ്ധരാത്രി ടോയ്ലെറ്റിലേക്ക് പോകുന്നതിനിടെ ഇവർ മനുവിനെ ട്രെയിനിന് പുറത്തേക്ക് ചവിട്ടി തള്ളി. ട്രാക്കിലായിപ്പോയ കൈകളിലൂടെ ഇതേ ട്രെയിൻ കയറിയിറങ്ങി. രാത്രിമുഴുവൻ ചോരവാർന്ന് കിടന്ന മനുവിനെ പുലർച്ചെ അതുവഴി പോയ മീൻവില്പനക്കാരാണ് കണ്ടത്.
''ട്രാൻസ്‌പ്ലാന്റ് ഗെയിംസ് എന്നെപോലെയുള്ളവർക്ക് ആശ്വാസമാണ്. മിനിഗോൾഫിൽ കൃത്യമായ പരിശീലനം നടത്തി കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കും.
-മനു
''മജ്ജയും ഞരമ്പുകളും ഉൾപ്പെടെ തുന്നിച്ചേർത്തുള്ള ശ്രമകരമായ ശസ്ത്രക്രിയയായിരുന്നു മനുവിന്റേത്. അമൃതയിൽ ഇതുവരെ 14പേരിലായി 26 കൈകൾ തുന്നിച്ചേർത്തു.
-ഡോ.സുബ്രഹ്മണ്യ അയ്യർ
ഹെഡ് ആൻഡ് നെക്ക്, പ്ലാസ്റ്റിക് സർജറി
വിഭാഗം ചെയർമാൻ, കൊച്ചി അമൃത ആശുപത്രി