ഖത്തറിൽ നിന്ന് വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ അയക്കുന്നതായി പരാതി, സ്ക്രീൻഷോട്ട് പങ്കുവച്ച് അരിത ബാബു

Tuesday 12 December 2023 9:21 AM IST

ഖത്തറിൽ നിന്ന് വീഡിയോ കോൾ വഴി അശ്ലീല ദൃശ്യങ്ങൾ അയക്കുന്നുവെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. ഫോണിലേക്ക് വാട്‌സാപ്പ് കോൾ വഴിയാണ് ഒരാൾ അശ്ലീല സന്ദേശം അയക്കുന്നതെന്നും, അന്വേഷണത്തിൽ ഖത്തറിൽ നിന്നുള്ള നമ്പറാണെന്നാണ് മനസിലായതെന്ന് അരിത പറയുന്നു. ഇന്നു പൊലീസിൽ പരാതിപ്പെടുമെന്നും അരിത ബാബു വ്യക്തമാക്കി.

വിളിക്കുന്നത് ആരാണെന്നു ചോദിച്ചപ്പോൾ പ്രതികരിക്കാതെ വിഡിയോ കോൾ ആവർത്തിക്കുകയായിരുന്നു. വിളിക്കുന്നയാളുടെ മുഖം ഫോൺ ക്യാമറയിൽനിന്നു മറച്ചു വിളി തുടർന്നു. വിളിച്ചയാളുടെ ഫോൺ നമ്പർ സുഹൃത്തുക്കൾക്കു കൈമാറി. അവർ വിളിച്ചപ്പോൾ ആളുടെ മുഖം പതിഞ്ഞു. കിട്ടിയ ദൃശ്യം അരിത ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

അരിത പങ്കുവച്ച കുറിപ്പ്-

പ്രിയപ്പെട്ടവരേ,

ഏറെനാളായി സൈബർ ലോകത്ത് വേട്ടയാടപ്പെടുന്ന സ്ത്രീകളിലൊരാളാണ് ഞാൻ. പതിവുപോലെ ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും സൈബർ ഞരമ്പുരോഗികൾ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചമുതൽ തുടർച്ചയായി എന്റെ ഫോണിലേക്ക് +97430589741 എന്ന വിദേശ നമ്പരിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആരാണ് എന്ന് മെസ്സേജിൽ ചോദിച്ചിട്ട് യാതൊരുവിധ മറുപടിയും നൽകാതെ വീഡിയോ കോൾ തുടർന്നപ്പോൾ എന്റെ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തു. ഈ സമയത്ത് അപ്പുറത്തുള്ള ആളിനെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ ക്യാമറ മറച്ചു പിടിച്ചിരുന്നു. ശേഷം എന്റെ ഫോണിലേക്ക് ഒരു സെക്കൻഡ് മാത്രം ദൈർഘ്യത്തിൽ നിൽക്കുന്ന അശ്ലീല ദൃശ്യങ്ങൾ അയക്കുകയുണ്ടായി. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്‌ത പ്രകാരം അവരുടെ വീഡിയോ കോളിൽ പതിഞ്ഞ വിരുതനെ നിങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുകയാണ്.

ആരെയും വ്യക്തിഹത്യ ചെയ്യണമെന്ന ആഗ്രഹമില്ല. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുകയും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തു സംതൃപ്തി നേടുകയും ചെയ്യുന്ന ഇത്തരം ഞരമ്പന്മാരെ തുറന്നു കാട്ടുക തന്നെ വേണം.

ഇവൻ ഖത്തറിൽ ഉണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ആരുടെയെങ്കിലും കയ്യിൽ കിട്ടുകയാണെങ്കിൽ മുഖ്യമന്ത്രിയുടെ ശൈലിയിലുള്ള ജീവൻ രക്ഷാ മാർഗ്ഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ അഡ്രസ്സ് കമന്റ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മറ്റൊന്നിനുമല്ല നിയമപരമായി നേരിടാൻ വേണ്ടിയാണ്.

Advertisement
Advertisement