കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും അധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ക്രിക്കറ്റര്‍ ആര്? ഫുട്‌ബോളില്‍ മെസ്സിയല്ല

Tuesday 12 December 2023 6:49 PM IST

മുംബയ്: കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ക്രിക്കറ്റ് താരമെന്ന റെക്കോഡ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, രോഹിത് ശര്‍മ്മ എന്നിവരും പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങളാണ്.

സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ഗൂഗിള്‍ ചൊവ്വാഴ്ചയാണ് അവരുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള മറ്റ് കായിക താരങ്ങളുടെ പട്ടികയില്‍ മുന്നില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും അധികം പേര്‍ ഗൂഗിളില്‍ തിരഞ്ഞ കായികതാരമെന്ന റെക്കാഡാണ് റോണോയെ തേടിയെത്തിയിരിക്കുന്നത്. കളിക്കളത്തിലെ പല നേട്ടങ്ങളിലും മുന്നില്‍ മെസിയാണെങ്കിലും ഇന്റര്‍നെറ്റില്‍ റോണോയാണ് താരം.

2023ല്‍ ഏറ്റവും അധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ക്രിക്കറ്റ് താരം ഇന്ത്യയുടെ യുവ താരം ശുബ്മാന്‍ ഗില്‍ ആണ്. ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര, ഓസീസ് താരം ട്രാവിസ് ഹെഡ് എന്നിവരും 2023ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.