സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നെഞ്ച് വേദന, ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; സംഭവം തൃത്താലയില്‍

Wednesday 13 December 2023 7:55 PM IST

പാലക്കാട്: സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട് തൃത്താല വി.കെ കടവ് സ്വദേശി ഫൈസല്‍ (44) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് ബസ് ഓടിച്ച് പോകുന്നതിനിടെയാണ് സംഭവം.

തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഡ്രൈവറായ ഫൈസല്‍ ഓടിച്ച ബസ് കൂട്ടുപാതയില്‍ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ബസ് ഓടിക്കുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ടപ്പോള്‍ ആദ്യം ഫൈസല്‍ ചെയ്തത് വണ്ടി റോഡരികിലേക്ക് പാര്‍ക്ക് ചെയ്യുകയെന്നതായിരുന്നു. ഉടന്‍ തന്നെ സഹായത്തിന് ഒരു സുഹൃത്തിനെ വിളിച്ചു. ബസിലുണ്ടായിരുന്ന ആയയോട് കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ച ശേഷമാണ് ആശുപത്രിയിലേക്ക് പോയത്. മറ്റൊരു ഡ്രൈവര്‍ എത്തിയാണ് കുട്ടികളെ സ്‌കൂളില്‍ എത്തിച്ചത്.

വ്യാഴാഴ്ച രാവിലെ 10 മണിക്ക് വി.കെ കടവ് ജുമാ മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. പരേതനായ അബ്ദുറസാഖ്, മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ, മക്കള്‍ : ഫയാസ്, മിസ്‌ന