ആശാവർക്കർമാർക്ക് രണ്ടു മാസത്തെ വേതനം അനുവദിച്ചു

Friday 15 December 2023 4:03 AM IST

തിരുവനന്തപുരം: ആശാവർക്കർമാർക്ക് ക്രിസ്മസിന് മുമ്പ് കുടിശ്ശികയുൾപ്പെടെ രണ്ടുമാസത്തെ പ്രതിഫലം നൽകും. ഇതിനായി 26.11കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഡിസംബർ മുതൽ സംസ്ഥാനം കൂട്ടിയ 1,000രൂപയും ചേർത്തായിരിക്കും വിതരണം ചെയ്യുക.

നവംബർ മുതൽ കുടിശ്ശികയുണ്ട്. എട്ടുമാസമായി കേന്ദ്രവിഹിതം കിട്ടാത്തതാണ് കുടിശ്ശികയ്ക്കിടയാക്കിയതെന്ന് സംസ്ഥാനസർക്കാർ അറിയിച്ചു.

ദേശീയ ആരോഗ്യമിഷന്റെ കീഴിൽ സംസ്ഥാനത്ത് 26,125 ആശാവർക്കർമാരുണ്ട്. സംസ്ഥാനത്തിന്റെ 6,000രൂപയും കേന്ദ്രത്തിന്റെ 2,000 ഇൻസെന്റീവും പ്രത്യേകജോലികൾക്കുള്ള അധിക ഇൻസെന്റീവും ചേർത്ത് 10,000 രൂപയാണ് പ്രതിമാസവേതനം.

30വയസിനു മുകളിലുള്ളവരുടെ ജീവിതശൈലി രോഗങ്ങൾ, 5വയസുവരെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് എന്നിവ സംബന്ധിച്ച വിവരശേഖരണം, ഗർഭിണികൾക്കും കിടപ്പുരോഗികൾക്കും പരിചരണം തുടങ്ങിയവയാണ് ജോലി. മാസത്തിൽ ഒന്നോ രണ്ടോ ദിവസം ആരോഗ്യകേന്ദ്രങ്ങളിലും ജോലിയുണ്ടാകും.

തദ്ദേശവാർഡിൽ ഒരു ആശാവർക്കർ എന്നകണക്കിലാണ് നിയമനം. യാത്രപ്പടി ഇല്ല. വിവരശേഖരണം മൊബൈൽഫോണിലൂടെ ആണെങ്കിലും അതിനും അലവൻസില്ല.