മുൻ എം.എൽ.എ കെ.കുഞ്ഞിരാമൻ അന്തരിച്ചു
ചെറുവത്തൂർ: സി.പി.എം കാസർകോട് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും തൃക്കരിപ്പൂർ എം.എൽ.എയുമായിരുന്ന കെ. കുഞ്ഞിരാമൻ (80) നിര്യാതനായി.
നിലവിൽ സി.പി.എം ഏരിയാകമ്മിറ്റിയംഗമാണ്. 1994 മുതൽ 2004 വരെ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും 2006 മുതൽ 16 വരെ തൃക്കരിപ്പൂർ എം.എൽ.എയുമായിരുന്നു. 1979 മുതൽ 84 വരെ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് സഹകരണ ആശുപത്രി, നീലേശ്വരം തേജസ്വിനി ആശുപത്രി ഡയറക്ടർ, ജില്ലാ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
പാരമ്പര്യ വൈദ്യകുടുംബാംഗമായ കുഞ്ഞിരാമൻ 1943 നവംബർ 10ന് തുരുത്തി വപ്പിലമാട് കെ.വി.കുഞ്ഞമ്പു വൈദ്യരുടെയും കുഞ്ഞിമാണിക്കത്തിന്റെയും മകനായാണ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കെ എ.കെ.ജിയാണ് കെ.എസ്.എഫിൽ ചേർത്തത്. വടകര സിദ്ധാശ്രമത്തിൽ സംസ്‌കൃത പഠനത്തിനു ശേഷം തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ ചേർന്നു. പഠനത്തിനിടെ കെ.എസ്.എഫിൽ സജീവമായ കുഞ്ഞിരാമൻ 1967– 70 കാലത്ത് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാപ്രസിഡന്റുമായി. നാലുവർഷത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം വൈദ്യവൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയ കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകനായി.
പാനൂർ സ്വദേശി എൻ.ടി.കെ.സരോജിനിയാണ് ഭാര്യ. മക്കൾ: സിന്ധു (മടിവയൽ), ഷീന (കാരിയിൽ), ഷീജ (പയ്യന്നൂർ സഹകരണ ആശുപത്രി), അനിൽ (ചീമേനി കോളേജ് ഒഫ് എൻജിനിയറിംഗ്), സുനിൽ (മട്ടലായി). മരുമക്കൾ: ഗണേശൻ (റിട്ട. ജില്ലാ ബാങ്ക്, കാസർകോട്), യു.സന്തോഷ് (കേരളാ ബാങ്ക് നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശൻ പതിക്കാൽ.