കിഫ്ബിയുടെ പേരിലെ വെട്ട് ഈ വർഷമില്ല: സംസ്ഥാനത്തിന് 3140 കോടി കൂടി വായ്പയെടുക്കാം

Saturday 16 December 2023 1:43 AM IST

□സുപ്രീം കോടതിയിൽ കേസ് വന്നതോടെ മുട്ടിടിച്ച് കേന്ദ്രം

തിരുവനന്തപുരം:കിഫ്ബി വായ്പയുടെ പേരിൽ കേരളത്തിന്റെ വായ്പാ പരിധിയിൽ

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വെട്ടിക്കുറവ് ഈ വർഷം വേണ്ടെന്ന് വച്ചു.

ഇതോടെ ,സംസ്ഥാനത്തിന് ഈ സാമ്പത്തിക വർഷം 3140 കോടി കൂടി വായ്പയെടുക്കാമെന്നായി. ക്രിസ്മസ് കാലത്ത് സാമൂഹ്യ ക്ഷേമ പെൻഷൻ കുടിശിക

ഒരു ഗഡുവെങ്കിലും നൽകാൻ സർക്കാരിന് ഇത് സഹായകമാവും.

വായ്പാ പരിധിയിലെ അമിത വെട്ടിക്കുറവിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ

സമീപിച്ചതോടെയാണ് കേന്ദ്രത്തിന് മുട്ടിടിച്ചത്.കിഫ്ബി എടുത്ത കടം കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതെന്ന് ആരോപിച്ചാണ്

ഹർജി. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമ പെൻഷൻ കൊടുക്കുന്നതിനു പെൻഷൻ കമ്പനി

സ്വരൂപിച്ച തുകയും കേരളത്തിന്റെ ബാധ്യതയാക്കിയതോടെ,വായ്പയിൽ

26000 കോടിയുടെ കുറവ് വന്നതായി ഹർജിയിൽ പറയുന്നു.. .ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചതിനെ തുടർന്നാണ് കേന്ദ്രത്തിന്റെ പിൻവാങ്ങൽ. കിഫ്ബിയെടുത്ത 9400 കോടി വായ്പയുടേ പേരിൽ 3140 കോടി വീതം മൂന്ന് വർഷം സംസ്ഥാനത്തിന്റെ പൊതു വായ്പാപരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്.

6471 കോടി കൂടി

വായ്പയെടുക്കാം

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 3% ആണ് സംസ്ഥാനങ്ങളുടെ വായ്പാ പരിധി. കേരളത്തിന്റെ മൊത്ത ഉത്പാദനം 11ലക്ഷം കോടിയാണ്.ഇതും വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിലുള്ള അധിക വായ്പയായ 4500 കോടിയും ചേർത്ത് 36940 കോടിയാണ് കേരളത്തിന്റെ ശരിയായ വായ്പാ ലഭ്യത. എന്നാൽ ഇതിൽ നിന്ന് കിഫ്ബിയുടേയും ട്രഷറി വായ്പകളുടേയും പേരിൽ 10,009കോടി കുറച്ച് 26931കോടി വായ്പയ്ക്കാണ് കേന്ദ്രം അനുമതി നൽകിയത്.ഇതിൽ 21800കോടിയും നവംബറോടെ എടുത്തു തീർന്നു. ശേഷിക്കുന്നതിൽ 1500കോടി രണ്ടാഴ്ച മുമ്പും 2000കോടി ഈയാഴ്ചയും എടുത്തു..ബാക്കി 1631കോടിയാണ് അടുത്ത വർഷം മാർച്ച് വരെ വായ്പയെടുക്കാൻ

കഴിയുമായിരുന്നത്. 3140 കോടിയുടെ ഇളവും എൻ.പി.എസിന്റെ പേരിലുള്ള 1700 കോടിയും കൂടിയാവുന്നതോടെ 6471കോടി കൂടി വായ്പയെടുക്കാനാകും.

Advertisement
Advertisement