വിദേശപഠനം പ്രാവീണ്യ സ്‌കോറുകൾ വിലയിരുത്തി മാത്രം

Sunday 17 December 2023 12:00 AM IST

വിദേശ സർവകലാശാലകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നുവെന്ന വാർത്തകൾ പ്രചരിച്ചു വരുന്നു. എന്നാൽ ഓസ്‌ട്രേലിയ, കാനഡ, യു.കെ സർവകലാശാലകൾ ഗുണനിലവാരം ഉയർത്താനുള്ള നടപടിക്രമങ്ങൾക്കാണ് മുൻഗണന നൽകുന്നത്. കൊവിഡിന് ശേഷം അഡ്മിഷന് ചില ഇളവുകൾ നൽകിയിരുന്നു. ഇനിമുതൽ പ്രാവീണ്യ പരീക്ഷകളിൽ മികച്ച സ്‌കോറുകളും മികച്ച അക്കാഡമിക് മെരിറ്റും അഡ്മിഷൻ നേടാൻ ആവശ്യമാണ്. ജീവിതച്ചെലവുകൾ, തൊഴിലില്ലായ്മ എന്നിവ യു.കെയിലും കാനഡയിലും വർദ്ധിച്ചു വരുന്നു. ഇടനിലക്കാരെ ആശ്രയിക്കാതെ കോളേജ് ബോർഡ് വഴി കാനഡയിലേക്ക് അപേക്ഷിക്കാം. അംഗീകാരമില്ലാത്ത സർവകലാശാലകളിൽ പ്രവേശനത്തിന് ശ്രമിക്കരുത്. പ്രവേശന മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. അനാവശ്യ വാഗ്ദാനങ്ങളിൽ വിശ്വസിക്കരുത്.

ഇർമ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാം

ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ -IRMA ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. റൂറൽ മാനേജ്‌മെന്റിനുള്ള ബിരുദാനന്തര ഡിപ്ലോമ ഇൻ മാനേജ്‌മെന്റ് പ്രോഗ്രാമാണിത്. കോഴ്‌സിൽ ഇക്കണോമിക്സ്, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, മാർക്കറ്റിംഗ്, പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻഡ് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, സോഷ്യൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി ആൻഡ് സിസ്റ്റംസ് എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.. ബിരുദധാരികൾക്ക് CAT സ്‌കോറിന്റെ അടിസ്ഥാനത്തിൽ അഡ്മിഷന് ശ്രമിക്കാം. www.irma.ac.in.

സെർബ് വിസിറ്റിംഗ് ഫെലോഷിപ്

വിദേശ സർവകലാശാലകളിൽ പി.എച്ച്ഡി വിദ്യാർത്ഥികൾക്ക് സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡ് (സെർബ്)വിസിറ്റിംഗ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാമിന് 2024 ജനുവരി രണ്ടു വരെ ഇന്ത്യൻ ഗവേഷകർക്ക് അപേക്ഷിക്കാം. രണ്ടാഴ്ചത്തേക്കാണ് ഫെലോഷിപ്പ്. അമേരിക്കയിലെ പാർഡ്യൂ യൂണിവേഴ്‌സിറ്റി, കാനഡയിലെ യൂണിവേഴ്‌സിറ്റി ഒഫ് ആൽബെർട്ട എന്നിവിടങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് www.serb.gov.in, www.purdue.edu/india, www.ualberta.ca സന്ദർശിക്കുക.

നീറ്റ് പി.ജി മെഡിക്കൽ പരീക്ഷ; നോട്ടിഫിക്കേഷൻ ഉടൻ

നീറ്റ് പി.ജി മെഡിക്കൽ പരീക്ഷാ തീയതി പ്രഖ്യാപിച്ചതോടെ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. 2024 മാർച്ച് മൂന്നിനാണ് പരീക്ഷ. രാജ്യത്തെ മെഡിക്കൽ ബിരുദാനന്തര MD/MS/DNB കോഴ്‌സുകളിലേക്കാണ് പരീക്ഷ. നോട്ടിഫിക്കേഷൻ വന്നയുടൻ അപേക്ഷിക്കുന്നവർക്ക് കേരളത്തിൽ പരീക്ഷാകേന്ദ്രം ലഭിക്കും. www.nbe.edu.in

Advertisement
Advertisement