ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹറിനിൽ   വിതരണം ചെയ്തു

Monday 18 December 2023 6:09 PM IST

മനാമ (ബഹ്റൈൻ): 2023 ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ ബഹ്റൈൻ ടൂറിസം ഡയറക്ടർ സെനൻ അൽജബ്രെ, പബ്ലിക് ഇൻഫർമേഷൻ ഡയറക്ടർ യുസുഫ് ലോറി എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഡിസംബർ രണ്ടിന് ശനിയാഴ്ച വൈകുന്നേരം ഏഴിന് മനാമയിലെ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിൽ നടന്ന 18-ാംമത് ഗർഷോം രാജ്യാന്തര പുരസ്കാര ചടങ്ങിൽ തോമസ് മൊട്ടക്കൽ (യു എസ് എ), ഹരികൃഷ്ണൻ മടിയൻ (ഗിനിയ), താഹിറ കല്ലുമുറിക്കൽ (അബുദാബി, മുഹമ്മദ് മൊയ്‌ദു (ബഹ്റൈൻ), സെബാസ്റ്റ്യൻ തോമസ് (ഗോവ) എന്നിവർ ഗർഷോം പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസി സംഘടനക്കുള്ള പുരസ്‌കാരം സാന്ത്വനം കുവൈറ്റിനു വേണ്ടി പ്രസിഡന്റ് ജ്യോതിദാസ് നാരായണനും ഏറ്റുവാങ്ങി.

17 രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്ത പുരസ്‌കാര ദാന ചടങ്ങിൽ ടൂറിസം ലൈസൻസിങ്‌ വിഭാഗം മേധാവി ലുൽവ മുബാറഖ് സുലൈബിക്, ബഹ്റൈൻ കേരള സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, അലയൻസ് യൂണിവേഴ്സിറ്റി പ്രോ ചാൻസലർ അഭയ് ചെബ്ബി, ഗോവ യൂണിവേഴ്സിറ്റി കോർട്ട് അംഗം ജയ്ജോ ജോസഫ് എന്നിവർ ആശംസകൾ നേർന്നു.

സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗര്‍ഷോം പുരസ്കാരങ്ങൾ നല്‍കി വരുന്നത്. ഇന്ത്യ, ജപ്പാൻ, മലേഷ്യ, കുവൈറ്റ്, യു എ ഇ, അസർബൈജാൻ, നോർവേ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങൾ മുൻവർഷങ്ങളിലെ ഗർഷോം അവാർഡ് ദാനച്ചടങ്ങുകൾക്കു ആതിഥ്യമരുളിയിട്ടുണ്ട്.