മുങ്ങൽ വിദഗ്ദ്ധർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ഇങ്ങനെയൊരു നിധി; ഗവേഷകരെ അമ്പരപ്പിച്ച് 4000 വർഷമുള്ള കപ്പൽ

Tuesday 19 December 2023 4:31 PM IST

മനുഷ്യൻ എത്ര പുതിയ സാങ്കേതിക വിദ്യങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞാലും ഇന്നും നമ്മളിൽ നിന്ന് നിഗുഢമായി മറഞ്ഞിരിക്കുന്ന കലവറയാണ് സമുദ്രത്തിന്റെ അടിത്തട്ട്. കടലിന്റെ ആഴങ്ങളിലേക്ക് നിരവധി കപ്പലുകൾ മുങ്ങിപോയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ടൈറ്റാനിക് കപ്പൽ. ഇപ്പോഴും ശരിയായ രീതിയിൽ ടെെറ്റാനിക് കപ്പലിനെക്കുറിച്ച് വിശദമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ ആയിരക്കണക്കിന് കപ്പലുകൾ ഇപ്പോഴും സമുദ്രത്തിന് ഉള്ളിൽ ഉണ്ട്. ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താൻ ഗവേഷകരും മറെെൻ സംഘവും ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ 4,​000വർഷം പഴക്കമുള്ള ഒരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് ഇറ്റലിയിൽ നിന്ന് കണ്ടെത്തിയത്. ഈ കപ്പലിൽ നിന്ന് ഒബ്സിഡിയൻ എന്നറിയപ്പെടുന്ന 'ബ്ലാക്ക് ഗോൾഡ്' എന്ന അപൂർവ കല്ലും കണ്ടെത്തിയിട്ടുണ്ട്. ഇറ്റലിയിലെ നേപ്പിൾസ് പൊലീസിന്റെ അണ്ടർവാട്ടർ യൂണിറ്റാണ് സമുദ്രനിരപ്പിൽ നിന്ന് 130 അടി താഴെയുള്ള തകർന്ന കപ്പൽ കണ്ടെത്തിയത്.

ഇറ്റലിയിലെ കാപ്രിയിലെ ഗ്രോട്ടോയിലെ ബിയാങ്ക (ഗ്രോട്ട ബിയാൻക) കടൽ ഗുഹയ്ക്ക് സമീപമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. ഈ അവശിഷ്ടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പർപ്പിൾ - ബ്ലാക് അഗ്നിപർവത ഗ്ലാസ് ആയ ഒബ്സിഡിയൻ സ്വർണം കണ്ടെത്തിയത്. ഇതിന് ഏകദേശം എട്ടുകിലോഗ്രാം ഭാരമുള്ളതായാണ് റിപ്പോർട്ട്. ഈ വർഷം 20നാണ് ഈ തകർന്ന കപ്പലിനായുള്ള തെരച്ചിൽ ആരംഭിച്ചത്.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കട്ടിംഗ് ഉപകരണങ്ങൾ നിർമ്മിക്കാൻ വളരെക്കാലമായി ഉപയോഗിക്കുന്ന അതിശയകരവും അതുല്യവുമായ കല്ലാണ് ഒബ്സിഡിയൻ. ഇതിനെ പലപ്പോഴും ശിലായുഗത്തിലെ കറുത്ത സ്വർണം എന്ന് വിളിക്കാറുണ്ട്. ലാവ വളരെ വേഗത്തിൽ മരവിപ്പിക്കുന്നതിലൂടെയാണ് ഒബ്സിഡിയൻ രൂപം കൊള്ളുന്നത്. ഇതിന്റെ ഘടന മിനുസമാർന്നതാണ്. ഇത് ഒരു സംരക്ഷണ രത്നമാണെന്ന് പറയപ്പെടുന്നു. കല്ല് വിപണിയിൽ 'ബ്ലാക്ക് ഗോൾഡ്' വളരെ ജനപ്രിയമാണ്. മാത്രമല്ല ഇതിന്റെ മൂല്യവും വളരെ കൂടുതലാണ്.

കൂടാതെ 1708-ൽ ബ്രിട്ടീഷ് നാവികസേനയുമായുള്ള യുദ്ധത്തിനിടെ കരീബിയൻ കടലിൽ മുങ്ങിയ സ്പാനിഷ് കപ്പലായ സാൻ ജോസ് ഗാലിയോൺ കണ്ടെത്താനും ഗവേഷകർ പദ്ധതിയിടുന്നുണ്ട്. ഈ കപ്പലിൽ 16 ബില്യൺ ഡോളറിന്റെ വിലപിടിപ്പുള്ള നിധിയുണ്ടെന്നാണ് കരുതുന്നത്.