ശിവഗിരി തീർത്ഥാടനം: വ്രതാനുഷ്ഠാനം തുടങ്ങി

Thursday 21 December 2023 1:53 AM IST

ശിവഗിരി: 91-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി വ്രതാനുഷ്ഠാനം തുടങ്ങി. പത്ത് ദിവസത്തെ പഞ്ചശുദ്ധി വ്രതാനുഷ്ഠാനമാണ് തീർത്ഥാടനത്തിന് ഗുരുദേവൻ കല്പിച്ചിട്ടുളളത്.

ശിവഗിരി മഹാസമാധിയിൽ പ്രാർത്ഥനാനിർഭരമായ ചടങ്ങുകളോടെയാണ് വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിച്ചത്. സന്യാസി ശ്രേഷ്ഠരും ബ്രഹ്മചാരികളും ഭക്തജനങ്ങളും ചേർന്ന് പ്രാർത്ഥനക്കു ശേഷം ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്നും പീതാംബര ദീക്ഷ സ്വീകരിച്ചു.തീർത്ഥാടന മീഡിയാ കമ്മിറ്റി ചെയർമാൻ ഡോ.എം.ജയരാജുവിനാണ് ആദ്യ പീതാംബര ദീക്ഷ നൽകിയത്. തുടർന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി ധർമ്മവ്രതൻ തുടങ്ങിയവർ ഭക്തജനങ്ങൾക്ക് പീതാംബരദീക്ഷ നൽകി. ശിവഗിരിമഠത്തിന്റെ വിവിധ ശാഖാ സ്ഥാപനങ്ങളിലും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾക്ക് പീതാംബരദീക്ഷ നൽകി..

Advertisement
Advertisement