ഒമ്പതാം കൊലക്കേസിലും റിപ്പർ സേവ്യർ കുറ്റവിമുക്തൻ

Thursday 21 December 2023 12:35 AM IST

കൊച്ചി: എറണാകുളം നഗരത്തെ നടുക്കിയ ഒമ്പതു കൊലപാതകക്കേസുകളിൽ പ്രതിയായ എറണാകുളം തേവര മാമ്മാഞ്ഞിമുക്ക് കിണറ്റിങ്കൽ വീട്ടിൽ റിപ്പർ സേവ്യറെന്ന പണിക്കർ കുഞ്ഞുമോനെ അവസാന കൊലക്കേസിലും കോടതി വെറുതേവിട്ടു. ഇതോടെ സേവ്യർ ഉടൻ പുറത്തിറങ്ങും.

നേരത്തെ എട്ടു കൊലക്കേസുകളിൽ സേവ്യറിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി, സുഹൃത്തായിരുന്ന ഉണ്ണികൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീലിൽ ശിക്ഷ റദ്ദാക്കി ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സേവ്യറിനെ വെറുതേവിട്ടു. കടത്തിണ്ണകളിൽ രാത്രി ഉറങ്ങിക്കിടക്കുന്നവരെ കല്ലുകൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തി കവർച്ച നടത്തിയെന്ന കേസുകളാണ് സേവ്യറിനെതിരെ പൊലീസ് ചുമത്തിയിരുന്നത്.

ഏഴ് വർഷമായി ജയിലിലാണ്. ഉണ്ണികൃഷ്‌ണനെ കൊലപ്പെടുത്തിയത് ഒഴികെ മറ്റെല്ലാ കേസുകളിലും വിചാരണക്കോടതികൾ സേവ്യറിനെ വെറുതേവിട്ടു. കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിലയിരുത്തിയായിരുന്നു ഇത്.