'മിടുക്കിക്കുട്ടി...' അബിഗേലിനെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി

Thursday 21 December 2023 1:46 AM IST

കൊല്ലം: അബിഗേലിനെ നെഞ്ചോടു ചേർത്തുനിറുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ''മിടുക്കിക്കുട്ടി... നന്നായി പഠിക്കണം കേട്ടോ..."". പിന്നെ സഹോദരൻ ജോനാഥന്റെ തലയിൽ തലോടി പറഞ്ഞു, ''നീയാണ് ഹീറോ"". ഇരുവരും പഠിക്കുന്ന സ്കൂളും മറ്റ് വിവരങ്ങളും മുഖ്യമന്ത്രി വാത്സല്യത്തോടെ ചോദിച്ചറിഞ്ഞു.

മലപ്പുറത്ത് നവകേരള സദസ് നടക്കുമ്പോൾ കഴിഞ്ഞമാസം 27നാണ് പൂയപ്പള്ളിയിൽ നിന്ന് ആറു വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. മുഖ്യമന്ത്രി ഇടയ്ക്കിടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ തിരക്കിയിരുന്നു. തൊട്ടടുത്ത ദിവസം നവകേരള സദസിന്റെ ബസിൽ യാത്ര ചെയ്യുമ്പോഴാണ് അബിഗേലിനെ കണ്ടെത്തിയ വിവരം ഉദ്യോഗസ്ഥർ അറിയിച്ചത്. ഇക്കാര്യം അസാധാരണമായ സന്തോഷത്തോടെയാണ് മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്ന മന്ത്രിമാരെ അറിയിച്ചത്.

സാധാരണയിൽ കവിഞ്ഞ പക്വതയോടെ അബിഗേലും ജോനാഥനും നൽകിയ വിവരങ്ങളിലൂടെയാണ് അന്വേഷണസംഘത്തിന് തട്ടിക്കൊണ്ടുപോകൽ സംഘത്തെ പിടികൂടാനായത്. അതുകൊണ്ടുതന്നെ കൊല്ലത്ത് എത്തുമ്പോൾ നേരിൽ കാണണമെന്ന് മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. കൊല്ലം ബീച്ച് ഹോട്ടലിൽ താമസിക്കുകയായിരുന്ന മുഖ്യമന്ത്രിക്കരികിൽ ഇന്നലെ രാവിലെ 10.45നാണ് കുട്ടികൾ എത്തിയത്.

അച്ഛൻ റെജി ജോണും അമ്മ സിജിയും ഒപ്പമുണ്ടായിരുന്നു. റെജിയോടും സിജിയോടും മുഖ്യമന്ത്രി വിശേഷങ്ങൾ ചോദിച്ചു. വൈകിട്ട് ചടയമംഗലത്തെ നവകേരള സദസിൽ വച്ച് അബിഗേലിനും ജോനാഥനും മുഖ്യമന്ത്രി ഉപഹാരങ്ങളും നൽകി.