കേരളത്തിന്റെ കൃഷിഭൂമിയിൽ കർണാടകയുടെ അവകാശവാദം # ചെറുത്തുനിൽപ്പുമായി കർഷകർ

Thursday 21 December 2023 1:48 AM IST

ഇരിട്ടി: കേരള-കർണാടക അതിർത്തിയിലെ ബാരാപോളിൽ ഏഴ് കുടുംബങ്ങളുടെ 15 ഏക്കറോളം കൃഷി ഭൂമി കൈവശപ്പെടുത്താനുള്ള കർണാടകയുടെ നീക്കത്തിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നു. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ടാം വാർഡായ പാലത്തുംകടവിൽപെട്ട ഈ പ്രദേശം പതിറ്റാണ്ടുകളായി കേരളത്തിന്റെ ഭാഗമാണെന്ന് നാട്ടുകാർ പറയുന്നു. 64 വർഷമായി ഇവിടെ താമസിക്കുന്നവരാണ് ഈ കുടുംബങ്ങൾ.

വീടുകൾ പുതുക്കിപ്പണിയാൻ അയ്യൻകുന്ന് പഞ്ചായത്ത് 47 കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഗുണഭോക്താവായ വിശ്വനാഥൻ പ്രവൃത്തി തുടങ്ങാനിരിക്കെ കർണാടക മാക്കൂട്ടം ബ്രഹ്‌മഗിരി വന്യജീവിസങ്കേതത്തിലെ വനപാലകരെത്തി വിലക്കി. കൃഷി ചെയ്തിരുന്ന മരച്ചീനിപിഴുതു കളഞ്ഞു. ഒരേക്കർ ഭൂമിക്ക് പട്ടയവും കൈവശരേഖയും ഉണ്ട്. കഴിഞ്ഞ വർഷംവരെ അയ്യൻകുന്ന് വില്ലേജിൽ നികുതിയും അടച്ചിരുന്നു.

സംഭവം അറിഞ്ഞ് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി തർക്ക പ്രദേശത്തെ കാട് വെട്ടിത്തെളിച്ചു. കർണാടക വനപാലകരും സമരസമിതി പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി.

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സംഘം കടുത്ത നിലപാടെടുത്തതോടെ കർണാടക വനപാലകർ മടങ്ങി.

ഏഴു കുടുംബങ്ങൾക്ക് ഭൂമിയുണ്ടെങ്കിലും മൂന്ന് കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്.

സർവേക്കല്ലും പിഴുതു

ബാരാപോൾ പുഴക്കരയിലെ 15 ഏക്കർ ഭൂമി കൈയേറാനുള്ള ശ്രമം കർണാടക നേരത്തേ ആരംഭിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. സംസ്ഥാന പുനർനിർണയ സമയത്ത് സ്ഥാപിച്ച സർവേക്കല്ലുകളും അതിർത്തിയിൽ സ്ഥാപിച്ച ജെണ്ടയും പിഴുതുമാറ്റി കർണാടക വനംവകുപ്പ് സ്വന്തംനിലയിൽ അതിർത്തി രേഖപ്പെടുത്തി.

പരിഹാരം കാണാൻ കൂർഗ് ജില്ലാ കളക്ടറുമായി സംസാരിക്കാമെന്ന് കണ്ണൂർ ജില്ലാ കളക്ടർ പറഞ്ഞിട്ടുണ്ട്. മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം ഡി.എഫ്.ഒയുമായി നേരിട്ട് ചർച്ച ചെയ്യും.

-കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ

പ്രസിഡന്റ് , അയ്യങ്കുന്ന് പഞ്ചായത്ത്

Advertisement
Advertisement