അലറിവിളിച്ച് പൊട്ടിക്കരഞ്ഞ് നെയ്മര്‍, കടുത്ത നിരാശയില്‍ ബ്രസീല്‍ ആരാധകര്‍ | വീഡിയോ

Thursday 21 December 2023 6:39 PM IST

റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ അലറി കരയുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഉറുഗ്വെയ്‌ക്കെതിരായ ലാറ്റിന്‍ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് താരം. കാലിന് പരിക്കേറ്റ താരത്തിന് അടുത്ത വര്‍ഷം ഓഗസ്റ്റ് മാസത്തോടെ മാത്രമേ ഫുട്‌ബോള്‍ മൈതാനത്തേക്ക് മടങ്ങിയെത്താന്‍ കഴിയുകയുള്ളൂവെന്ന് ബ്രസീല്‍ ദേശീയ ടീമിന്റെ ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.

പരിക്ക് ഭേദമാകാന്‍ സമയമെടുക്കുമെന്നതിനാല്‍ അടുത്ത വര്‍ഷം അമേരിക്കയില്‍ നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ തവണ കോപ്പ ഫൈനലില്‍ തങ്ങളുടെ പുണ്യഭൂമിയായ മാരക്കാനയില്‍ ചിരവൈരികളായ അര്‍ജന്റീനയോട് തോറ്റ ബ്രസീല്‍ കുറച്ച് കാലമായി കിരീട വരള്‍ച്ചയിലുമാണ്. നെയ്മറുടെ അഭാവം ടീമിന്റെ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്തായിരുന്നു.

കാലിന് പരിക്കേറ്റ നെയ്മര്‍ ചികിത്സയ്ക്കിടെ വേദനകൊണ്ട് പുളയുന്നതും അലറി കരയുന്നതുമാണ് വീഡിയോയിലുള്ളത്. മൂന്ന് പേര്‍ ചേര്‍ന്നാണ് ബ്രസീലിയന്‍ സൂപ്പര്‍താരത്തെ പരിചരിക്കുന്നത്. ഫിസിയോതെറാപ്പി ചെയ്യുന്നതിന്റെ ഭാഗമായി ഇതിലൊരാള്‍ നെയ്മറുടെ പുറത്ത് കിടക്കുന്നുണ്ട്. മറ്റൊരാള്‍ നെയ്മറുടെ തോള്‍ഭാഗം പിടിച്ചുവെക്കുന്നുണ്ട്. ഇതിനിടെ മറ്റൊരാള്‍ നെയ്മറുടെ ഇടങ്കാല്‍ മടക്കുന്നതാണ് വീഡിയോയില്‍. ഇത്തരത്തില്‍ ചെയ്യുമ്പോള്‍ നെയ്മര്‍ വേദനകൊണ്ട് പുളഞ്ഞ് അലറി വിളിക്കുന്നത്.

2024 ജൂണിലാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ്. ബ്രസീലിന്റെ കിരീട വരള്‍ച്ച അവസാനിക്കുമെന്ന പ്രതീക്ഷയിലുള്ള ആരാധകര്‍ക്ക് നെയ്മറുടെ അസാന്നിദ്ധ്യം കനത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം, നെയ്മര്‍ പൊട്ടിക്കരയുന്ന വീഡിയോ പുറത്ത് വന്നതും ആരാധകരെ നിരാശരാക്കുന്നുണ്ട്.