തങ്ക അങ്കി ഘോഷയാത്ര നാളെ തുടങ്ങും ശബരിമലയിൽ മണ്ഡലപൂജ 27ന്
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര നാളെ രാവിലെ 7ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിക്കും. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പ ഗണപതി കോവിലിൽ ഭക്തർക്ക് ദർശനമൊരുക്കും. 3ന് പ്രത്യേക പേടകങ്ങളിലാക്കി ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരിപീഠം വഴി വൈകിട്ട് 5ന് ശരംകുത്തിയിലെത്തിക്കും. ദേവസ്വം പൊലീസ് ഉദ്യോഗസ്ഥർ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. തുടർന്ന് നടയടച്ച് തങ്ക അങ്കി ചാർത്തി ദീപാരാധന നടത്തും.
27ന് രാവിലെ 10.30നും 11നും മദ്ധ്യേയാണ് മണ്ഡലപൂജ. യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് ദേവനെ യോഗനിദ്രയിലാക്കി രാത്രി 11ന് നട അടയ്ക്കുന്നതോടെ മണ്ഡലകാല തീർത്ഥാടനം സമാപിക്കും. 30ന് വൈകിട്ട് 4ന് മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കും. ജനുവരി 15നാണ് മകരവിളക്ക്. തങ്ക അങ്കി രഥഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഘോഷയാത്രയുടെ സ്‌പെഷ്യൽ ഓഫീസറും ആറന്മുള ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറുമായ ആർ.പ്രകാശ്, ആറന്മുള ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വി.ജയകുമാർ എന്നിവർ അറിയിച്ചു.