പു​ഷ്‌​ക​ല​ കാ​ലത്തേക്ക് വീ​ണ്ടും​ ​ഭ​വ​ന​ വി​പ​ണി

Thursday 21 December 2023 10:04 PM IST

കൊച്ചി: സാമ്പത്തിക മേഖലയിലെ ഉണർവും ഉപഭോക്താക്കളുടെ വരുമാനത്തിലെ വർദ്ധനയും ഇന്ത്യയിൽ ഭവന വില്പനയിൽ വൻ മുന്നേറ്റം സൃഷ്ടിക്കുന്നു. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടെയിലെ ഏറ്റവും മികച്ച വില്പനയാണ് നിലവിൽ ഭവന വിപണിയിലുള്ളതെന്ന് പ്രമുഖ റിയൽ എസ്‌റ്റേറ്റ് കൺസൾട്ടൻസി സ്ഥാപനമായ ജെ. എൽ. എൽ ഇന്ത്യയുടെ പുതിയ ഗവേഷണ റിപ്പോർട്ട് വൃക്തമാക്കുന്നു. നടപ്പു സാമ്പത്തിക വർഷം രാജ്യത്ത് മൊത്തം 2.6 ലക്ഷം വീടുകളുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്. ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.96 ലക്ഷം വീടുകളുടെ വില്പന നടന്നു.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ അടുത്ത വർഷം പകുതിയോടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ റിയൽ എസ്റ്റേറ്റ് വിപണി വൻ ഉണർവ് നേടുമെന്ന് കൊച്ചിയിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും ധനകാര്യ വിദഗ്ധനുമായ സുരേഷ് ഗോപിനാഥൻ പറയുന്നു. നടപ്പുവർഷം ഓഹരി, സ്വർണ വിപണികളാണ് ചരിത്ര മുന്നേറ്റം കാഴ്ച്ചവെച്ചത്. അടുത്ത വർഷം മികച്ച വരുമാനം നേടാവുന്ന മേഖലയായി റിയൽ എസ്റ്റേറ്റ് വിപണി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുകിട, ഇടത്തരം ഭവനങ്ങളുടെ വില്പനയിലാണ് നിലവിൽ നിക്ഷേപ താത്പര്യം കൂടുതലായി ദൃശ്യമാകുന്നത്. സാമ്പത്തിക വർഷത്തെ ആദ്യ ഒൻപത് മാസങ്ങളിൽ അൻപത് മുതൽ എഴുപത്തഞ്ച് ലക്ഷം രൂപ വരെ വിലയുള്ള 45,592 ഭവനങ്ങളാണ് വിവിധ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ വിറ്റഴിച്ചത്. ഒന്നര കോടി രൂപ മുതൽ മൂന്ന് കോടി രൂപ വരെ വിലയുള്ള 42,919 വീടുകൾ ഇക്കാലയളവിൽ പ്രീമിയം വിഭാഗത്തിൽ വിറ്റഴിച്ചു.

റിയൽ എസ്‌റ്റേറ്റ് ബൂം പ്രതീക്ഷിച്ച് കേരളം

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖല അടുത്ത വർഷങ്ങളിലും മികച്ച പ്രകടനം തുടരുമെന്നാണ് പ്രതീക്ഷയെന്ന് ക്രെഡായിയുടെ ചെയർമാൻ രവി ജേക്കബ് പറഞ്ഞു. നിലവിൽ ബഡ്ജറ്റ് അപ്പാർട്ടുമെന്റുകളുടെ വില്പനയിൽ നേരിയ മാന്ദ്യം ദൃശ്യമാണ്. എന്നാൽ ഹൈ എൻഡ് ഫ്ളാറ്റുകളുടെ വില്പനയിൽ വലിയ മുന്നേറ്റമാണുള്ളത്. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ വരവോടെ ഈ മേഖലയിൽ വിശ്വാസ്യത കൂടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭവന വായ്പകളുടെ പലിശ കുറയുന്നതോടെ വില്പനയിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement