ശ്രവണ സഹായികൾ ഇനി ഓഫ് ലൈനിലാവട്ടെ

Friday 22 December 2023 12:02 AM IST
ശ്രവണ സഹായികൾ

@ഓൺലൈൻ വിൽപ്പനയ്ക്ക് വിലക്ക്

കോഴിക്കോട് : ശ്രവണ സഹായികളുടെ ഓൺലൈൻ പരസ്യവും വിൽപ്പനയും തടഞ്ഞ് ഭിന്നശേഷിക്കാർക്കുള്ള

ചീഫ് കമ്മിഷണറുടെ കോടതി. ഇന്ത്യൻ സ്‌പീച്ച് ആൻഡ് ഹിയറിംഗ് അസോ. സെക്രട്ടറി ഡോ. സുമൻ കുമാർ നൽകിയ പരാതിയിലാണ് ചീഫ് കമ്മിഷണർ രാജേഷ് അഗർവാളിന്റെ ഉത്തരവ്.

മരുന്നുകൾ കൊണ്ടോ ശസ്ത്രക്രിയ വഴിയോ ഭേദമാക്കാൻ കഴിയാത്ത കേൾവിക്കുറവുള്ളവർ ആരോഗ്യ വിദഗ്ദ്ധരുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കുന്നതാണ് ശ്രവണ സഹായികൾ. മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കും പോലെ ശ്രവണ സഹായികൾ ഓൺലൈൻ വഴി വിൽക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. എന്നാൽ രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാരികൾ പോലും ഓഫർ നിരക്കിൽ ശ്രവണ സഹായികൾ വൽക്കുകയാണ്. 300 രൂപ മുതൽ 3000 രൂപയ്ക്ക് വരെയുള്ളവ ഓൺലൈനിൽ വാങ്ങാൻ കിട്ടും. കേൾവി പരിശോധനകൾക്കും ശ്രവണ സഹായികൾ ഉപയോഗിച്ചുള്ള ട്രയലുകൾക്കും ശേഷം ഓഡിയോളജിസ്റ്റുകളുടെ നിർദ്ദേശത്തോടെ വേണം ശ്രവണ സഹായികൾ ഉപയോഗിക്കാൻ. പ്രത്യേക സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് കേൾവിക്കുറവ് ശ്രവണ സഹായികളിൽ ഉൾപ്പെടുത്തുകയും വേണം. എന്നാൽ ഓൺലൈനിൽ വിൽക്കുന്ന ശ്രവണ സഹായികൾ ഇത്തരം ക്രമീകരണങ്ങൾ നടത്താത്തവയാണെന്നാണ് കണ്ടെത്തൽ.

' തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അയോഗ്യരായവരുടെ കടന്നുകയറ്റവും കാരണം കേൾവി പരിമിതർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമാണ് .ഇത്തരം വെബ്‌സൈറ്റുകളിൽ നിന്ന് ഗുണനിലവാരമില്ലാത്ത ശ്രവണ സഹായികൾ വാങ്ങി വഞ്ചിക്കപ്പെട്ടവരും നിരവധിയാണ് '.

ജാബിർ.പി.എം,​ ജനറൽ സെക്രട്ടറി ഇന്ത്യൻ സ്പീച്ച് ലാംഗ്വേജ് ആൻഡ് ഹിയറിംഗ് അസോസിയേഷൻ.

ശ്രവണ സഹായികൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്

1. ശബ്ദ നിയന്ത്രണമുള്ള മുറിയിൽ നിന്ന് കേൾവി പരിശോധിക്കണം

2. കേൾവി പരിശോധനയും ട്രയലും നടത്തിയശേഷം ശ്രവണ സഹായി തെരഞ്ഞെടുക്കണം

3. ശ്രവണ സഹായികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം

4. പരിശോധനകൾ നടത്തുന്നത് അംഗീകൃത ഓഡിയോളജിസ്റ്റാണെന്ന് ഉറപ്പുവരുത്തണം

5.ശ്രവണ സഹായിയുടെ ഉപയോഗവും സർവീസും മനസിലാക്കിയിരിക്കണം

Advertisement
Advertisement