സൈക്കിളിൽ 35 രാജ്യം; 23 പിന്നിട്ട് ഫായിസ് ലക്ഷ്യം 30,000 കിലോമീറ്റർ
കൊച്ചി: ഫായിസ് അഷ്‌റഫ് അലി ഒക്ടോബർ 12ന് സൈക്കിൾ ചവിട്ടിക്കയറിയത് ഇരുപത്തിമൂന്നാമത്തെ രാജ്യത്തേക്കാണ്. 35 രാജ്യങ്ങൾ എന്ന ലക്ഷ്യത്തിലെത്താൻ ഒരു ഡസൻ അതിരുകൾ കൂടി താണ്ടണം. തുടർവിസയ്ക്കുള്ള ഇടവേളയിൽ നാട്ടിലെത്തിയിരിക്കുകയാണ് കോഴിക്കോട്ടുകാരനായ എൻജിനിയർ ഫായിസ് (36). സൈക്കിൾ ജർമ്മനിയിലെ ഹാംബർഗിൽ. അവിടെ നിന്ന് ലണ്ടനിലേക്കുള്ള ദൂരമാണ് ഇനി താണ്ടാനുള്ളത്.
30,000 കിലോമീറ്റർ എന്ന ലക്ഷ്യത്തിൽ 20,670 കിലോമീറ്റർ പിന്നിട്ടു. തിരുവനന്തപുരത്തു നിന്ന് 2022 ആഗസ്റ്റ് 15ന് തുടങ്ങിയ പര്യടനം അടുത്ത ജൂലായിൽ പൂർത്തിയാകും.
യാത്രയ്ക്കിടെ സമാധാനം, ആരോഗ്യം, ലഹരിമുക്തി, കാർബൺമുക്തി സന്ദേശവുമായി ഒട്ടേറെ ക്യാമ്പസുകളിലും എംബസികളിലുമെത്തി. അമേരിക്കൻ മോഡൽ 'ഫർളി" സൈക്കിളാണ് കൂട്ട്. വിദേശത്തുനിന്ന് പാർട്ടുകൾ എത്തിച്ച് അസംബിൾ ചെയ്തത് സുഹൃത്ത് എബ്രഹാം. ഭാര്യ ആസ്മിനും മക്കളായ ഫർസീനും ഇസിനും നിറഞ്ഞമനസോടെ യാത്രയാക്കി. ദിവസം 175 കിലോമീറ്റർവരെ ചവിട്ടുന്നുണ്ട്. വിദേശനഗരങ്ങളിൽ സുമനസുകൾക്കൊപ്പം താമസം. ഗ്രാമങ്ങളിൽ ടെന്റടിച്ചു കൂടും. ബ്രഡും ഡ്രൈഫ്രൂട്സും മറ്റുമാണ് കൂടാരവാസത്തിലെ ഭക്ഷണം. ബാഗിൽ അഞ്ചുജോടി വസ്ത്രങ്ങൾ.
2019ൽ ആറുരാജ്യങ്ങൾ കടന്ന് സിംഗപ്പൂരിലെത്തിയിരുന്നു. 104 ദിവസം കൊണ്ട് 8000 കിലോമീറ്റർ ദൂരം പോകാനായതാണ് കൂടുതൽനീണ്ട യാത്രയ്ക്ക് ധൈര്യമായത്. സൗദിയിലായിരുന്ന ഫായിസ്, പിതാവിന്റെ ചികിത്സാർത്ഥം ജോലിവിട്ടതാണ്. പിന്നെ മൂന്നുവർഷം വെറുതേയിരുന്നു. യാത്രകളിലൂടെ നിരാശ മറികടക്കാനാണ് സൈക്കിൾ വാങ്ങിയത്. അതിനിടെ അടയാളപ്പെടുന്നതെന്തെങ്കിലും ചെയ്യണമെന്ന മോഹമുദിച്ചു. അതാണ് ലോകസഞ്ചാരത്തിന്റെ പ്രേരണ.
പഴ്സ് നഷ്ടമായപ്പോൾ
യാത്രയ്ക്കിടെ ഇറാനിൽവച്ച് പഴ്സ് നഷ്ടമായി. തുടർന്ന് നാലുദിവസം ഇറാനികളുടെ കാരുണ്യത്തിലായിരുന്നു. അവിടെനിന്ന് അർമേനിയയിലെത്തിയപ്പോൾ പരിചയപ്പെട്ട ഒരു ഇന്ത്യക്കാരൻ പണം കടം നൽകി. നാട്ടിൽനിന്ന് ഓൺലൈൻവഴിയാണ് തിരികെനൽകിയത്. ഇറാഖിൽ അടിക്കടിയുള്ള പട്ടാളപരിശോധന ആശങ്കപ്പെടുത്തി. ബുഡാപെസ്റ്റിലെ അത്‌ലറ്റിക് വില്ലേജിലെത്തി ഒളിംപ്യൻ നീരജ് ചോപ്രയെ കണ്ടതാണ് സന്തോഷനിമിഷം.
' 2024ലെ പാരിസ് ഒളിമ്പിക്സിന് സൈക്കിളിൽ എത്തുമോയെന്ന് ബുഡാപെസ്റ്റിൽ വച്ച് അഞ്ജു ബോബി ജോർജ് ചോദിച്ചു. നിലവിലെ ദൗത്യം പൂർത്തിയായാൽ പാരിസിലേക്ക് ചവിട്ടിവിടും".
- ഫായിസ്