സെനറ്റംഗങ്ങളെ തടഞ്ഞത് ജനാധിപത്യ വിരുദ്ധം: വി.മുരളീധരൻ

Friday 22 December 2023 12:37 AM IST

ന്യൂഡൽഹി: കോഴിക്കോട് സർവകലാശാലയിൽ എസ്.എഫ്. ഐ പ്രവർത്തകർ സെനറ്റ് അംഗങ്ങളെ തടഞ്ഞുവച്ചത് ജനാധിപത്യ നിഷേധവും പൗരാവകാശ ലംഘവനവുമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കാഴ്ചാ പരിമിതി നേരിടുന്ന പത്മശ്രീ ജേതാവ് ബാലൻ പൂതേരിയെയടക്കം അപമാനിച്ചപ്പോൾ പൊലീസ് കൈകെട്ടി നോക്കി നിന്നു.

പുതിയ അംഗങ്ങൾ വന്നാൽ സർവകലാശാലയിലെ സ്വജനപക്ഷപാതവും അഴിമതിയും പുറത്തുവരുമെന്ന ഭയമാണ് സി.പി.എമ്മിന്. എന്നും ഇതുപോലെ തുടരാമെന്ന് കരുതേണ്ടെന്നും ജനാധിപത്യ വിശ്വാസികൾ ശബ്ദമുയർത്തുമെന്നും വി.മുരളീധരൻ പറഞ്ഞു. സർവകലാശാലകളുടെ നിയന്ത്രണം സി.പി.എം ക്രിമിനലുകളുടെ കൈയ്യിലാണ്.

കേരളത്തിലെ ക്രമസമാധാനപാലനം നോക്കുക്കുത്തിയായി. ഗുണ്ടകൾക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. ആരാണ് സംഘർഷമുണ്ടാക്കുന്നതെന്ന് ജനത്തിനറിയാം. ഗവർണർക്കെതിരെ മുൻകൂട്ടി കത്തയച്ചത് കൊണ്ട് കാര്യമില്ല. വി.ഐ.പി സംസ്കാരം മാറ്റിവച്ച് ജനങ്ങളിലേക്ക് ഇറങ്ങുകയാണ് ആരിഫ് മുഹമ്മദ് ഖാൻ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന് അതിനുള്ള ധൈര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

Advertisement
Advertisement