'ആഘോഷങ്ങൾക്ക് പണമുണ്ട്, പെൻഷൻ നൽകാൻ പണമില്ല', മറിയക്കുട്ടിയുടെ ഹർജിയിൽ സർക്കാരിന് കോടതിവിമർശനം

Friday 22 December 2023 12:41 AM IST

കൊച്ചി: വിധവ പെൻഷനടക്കമുള്ളവ നൽകാൻ സംസ്ഥാന സർക്കാരിന് കഴിയാത്തത് നടപടികളുടെ മുൻഗണന നിശ്ചയിക്കുന്നതിലെ പ്രശ്നമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിധവ പെൻഷൻ മുടങ്ങിയതിനെതിരെ ഇടുക്കി അടിമാലി സ്വദേശി മറിയക്കുട്ടി നൽകിയ ഹർജിയിലാണ് വാക്കാലുള്ള പരാമർശം.

ആഘോഷങ്ങൾക്കു ചെലവഴിക്കാൻ സർക്കാരിന് പണമുണ്ട്. വിധവ പെൻഷനടക്കമുള്ളവ നൽകാൻ പണമില്ല. പണമില്ലെന്ന കാരണത്താൽ ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്നു വയ്ക്കുന്നുണ്ടോ? മറിയക്കുട്ടിക്ക് സർക്കാർ പെൻഷൻ നൽകണം. അതിനു കഴിയില്ലെങ്കിൽ മൂന്നുമാസത്തെ അവരുടെ ചെലവ് ഏറ്റെടുക്കണം. മരുന്നിനും ഭക്ഷണത്തിനുമുള്ള പണമെങ്കിലും നൽകണം - ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

സർക്കാരിന്റെ സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങുന്നതിൽ പ്രതിഷേധിച്ച് 'ഭിക്ഷ തെണ്ടൽ" സമരം നടത്തിയ മറിയക്കുട്ടി അഞ്ചു മാസത്തെ വിധവ പെൻഷൻ മുടങ്ങിയതിനെതിരെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന് ഏപ്രിൽ മുതൽ കേന്ദ്ര സർക്കാരിന്റെ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹർജി ഇന്നത്തേക്ക് മാറ്റി. മറിയക്കുട്ടിക്ക് പണം നൽകാനാവുമോയെന്ന് സംസ്ഥാന സർക്കാരും ഇന്ന് അറിയിക്കണം.

കോടതിക്ക് മറിയക്കുട്ടി വി.ഐ.പി

കോടതിക്ക് മറിയക്കുട്ടി വി.ഐ.പിയാണ്. മുതിർന്ന പൗരയാണ്. കോടതിക്ക് ഇവർക്കൊപ്പം നിന്നേ പറ്റൂ. മറിയക്കുട്ടിയെപ്പോലെ ആയിരങ്ങളാണുള്ളത്. മറിയക്കുട്ടിക്ക് 1,600 രൂപയാണ് പെൻഷൻ. ഈ വരുമാനമില്ലാതെ എങ്ങനെ ജീവിക്കും. ക്രിസ്‌മസ് ആഘോഷങ്ങൾ തുടങ്ങിയ സമയത്താണ് വിധവ പെൻഷനു വേണ്ടി 78 കാരി ഹൈക്കോടതിയെ സമീപിച്ചത്. ദൗർഭാഗ്യകരമായ സാഹചര്യമാണിത്. പണമില്ലെന്ന് സർക്കാർ പറയുന്നു. സർക്കാർ പറയുന്നത് കോടതി കേൾക്കുന്നു. എന്നാൽ പാവപ്പെട്ട ഇവരുടെ കാര്യം ആരു കേൾക്കും?-കോടതി ചോദിച്ചു.

Advertisement
Advertisement