കുട്ടികൾക്ക് ഭാരമായി ദിവസം നാലര മണിക്കൂർ പരീക്ഷ
തിരുവനന്തപുരം: സ്‌കൂളുകളിലെ അർദ്ധവാർഷിക പരീക്ഷയുടെ പുതിയ ടൈംടേബിൾ കുട്ടികളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതായി പരാതി. 14ന് ഒൻപതാംക്ളാസിന് രാവിലെ രണ്ടര മണിക്കൂർ ഇംഗ്ലീഷ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ മുക്കാൽ മണിക്കൂറിന് ശേഷം രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കലാ-കായിക - പ്രവൃത്തിപരിചയ പരീക്ഷ എഴുതേണ്ടിവന്നു.
ഇങ്ങനെ നടത്തിയ നാലരമണിക്കൂർ പരീക്ഷയാണ് പരാതിക്ക് കാരണമായത്.
മുൻകാലങ്ങളിൽ ദിവസം രണ്ടു പരീക്ഷയാണെങ്കിൽ ഓരോ പേപ്പറും ഒന്നര മണിക്കൂർ ദൈർഘ്യം വരുന്നതായിരുന്നു. ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ക്യു.ഐ.പി വിഭാഗം ടൈംടേബിൾ തയാറാക്കിയപ്പോൾ വിദ്യാർത്ഥികളെ പരിഗണിച്ചില്ലെന്ന് അദ്ധ്യാപകർ പറയുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് രാവിലെ രണ്ടരമണിക്കൂർ സോഷ്യൽ സയൻസ് പരീക്ഷയും തുടർന്ന് ഒന്നര മണിക്കൂർ ബയോളജി പരീക്ഷയും നടത്തി. അശാസ്ത്രീയമായ പരീക്ഷാരീതി കുട്ടികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നതായി രക്ഷിതാക്കളും പരാതിപ്പെടുന്നു.