ഒന്നാം ദിനം ഇന്ത്യൻ വനിതാധിപത്യം

Friday 22 December 2023 12:51 AM IST

വനിതാ ടെസ്റ്റിൽ ഓസീസ് 219ന് ആൾഒൗട്ട്

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 98/1

മുംബയ് : ഓസ്ട്രേലിയയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബൗളിംഗിലും ബാറ്റിംഗിലും ഇന്ത്യയുടെ ആധിപത്യം. മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ വനിതകളെ 219 റൺസിൽ ആൾഒൗട്ടാക്കിയശേഷം ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യൻ ടീം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് എന്ന നിലയിലാണ്. 121 റൺസ് മാത്രം പിന്നിലാണ് ഇന്ത്യ ഇപ്പോൾ.

നാലുവിക്കറ്റ് വീഴ്ത്തിയ പൂജ വസ്ത്രാകറും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയും ചേർന്നാണ് ഓസീസിനെ ഒതുക്കിയത്. ആദ്യ ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ ഫോബീ ലിച്ച്ഫീൽഡ് (0) റൺഒൗട്ടാവുകയും രണ്ടാം ഓവറിൽ പൂജയുടെ പന്തിൽ എല്ലിസ് പെറി (4) ബൗൾഡാവുകയും ചെയ്തതോടെ 7/2 എന്ന നിലയിലായ ഓസീസിനെ ബേത്ത് മൂണി(40),തഹ്‌ലിയ മഗ്രാത്ത് (50), ക്യാപ്ടൻ ആലിസ ഹീലി (38) എന്നിവർ മുന്നോട്ടുനയിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബൗളിംഗ് നിര മത്സരത്തിന്റെ നിയന്ത്രണം കാത്തുസൂക്ഷിച്ചു. ചായസമയത്ത് 180/8 എന്ന നിലയിലായിരുന്ന ഓസീസിനെ കിം ഗാരേത്ത് (28 നോട്ടൗട്ട്), ജെസ് ജൊനാസൻ (19) എന്നിവരുടെ പോരാട്ടമാണ് 200 കടത്തിയത്.

മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഷെഫാലി വെർമയും (40), സ്മൃതി മന്ദാനയും ചേർന്ന് (43നോട്ടൗട്ട്) മികച്ച തുടക്കമാണ് നൽകിയത്. 90 റൺസാണ് ഇവർ ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. കളി നിറുത്തുമ്പോൾ സ്നേഹ് റാണയാണ് (4*) സ്മൃതിക്ക് കൂട്ട്.

Advertisement
Advertisement