നവകേരളയാത്രയ്‌ക്കിടെ ലാത്തിയടി ( ഡെക്ക് ) പരിക്കേറ്റവർ മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ കോടതിയിൽ

Friday 22 December 2023 1:56 AM IST

ആലപ്പുഴ : നവകേരള യാത്രയ്‌ക്കിടെ, തങ്ങളെ മർദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ കോടതിയിൽ.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, സെക്യൂരിറ്റി ഓഫീസർ സന്ദീപ് എന്നിവർക്കെതിരെ ഐ.പി.സി 294 ബി, 326,324 പ്രകാരം കേസെടുക്കണമെന്നാണ് ഹർജി. വാദത്തിന് ശേഷം തുടർനടപടികൾ കൈക്കൊള്ളും.

16ന് ആലപ്പുഴ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ കസ്റ്റഡിയിലെടുത്ത് റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിച്ചത്. തോമസിന്റെ തലപൊട്ടുകയും അജയ് ജ്യുവലിന്റെ കൈ ഒടിയുകയും ചെയ്തു.

സൗത്ത് പൊലീസിൽ ഇരുവരും പരാതി നൽകിയെങ്കിലും കേസെടുത്തില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ റിപ്പോർട്ട് തേടിയപ്പോൾ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലായിരുന്നു ലാത്തിയടിയെന്നാണ് സൗത്ത് പൊലീസ് മറുപടി നൽകിയത്.

പൊലീസിന് പണിയാകുമോ?

എ.ഡി.തോമസിനും അജയ് ജ്യുവലിനുമെതിരെ പൊലീസ് കേസെടുത്തില്ല

ആശുപത്രിയിലേക്ക് മാറ്റിയശേഷം ഇവരെ നിരീക്ഷിച്ചില്ല

മുഖ്യമന്ത്രിയുടെ യാത്ര തടസപ്പെടുത്താൻ ശ്രമിച്ചെങ്കിൽ കേസെടുക്കേണ്ടതാണ്

ഇവരെ കസ്റ്റഡിയിലെടുത്തതിന് വീഡിയോ തെളിവുണ്ട്

പിന്നാലെയാണ് ഗൺമാനും സെക്യൂരിറ്റി ഉദ്യോഗസ്ഥരും തല്ലിയത്.

എങ്കിൽ, കസ്റ്റഡിയിലിരിക്കെയാണ് മർദ്ദനം.

ഇതിന്റെ വീഡിയോ സഹിതമാണ് ഹർജി

സൗത്ത് പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപടി കൈക്കൊള്ളും.

- ജില്ലാ പൊലീസ് മേധാവി