എംഎം മണിക്കും ശ്രീരാമകൃഷ്‌ണനുമെതിരെ ഫേസ്ബുക്കിൽ വിമർശനം, മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷനിൽ നിന്ന് 500 രൂപ സ്ഥിരമായി പിടിക്കാൻ ഉത്തരവ്

Friday 22 December 2023 9:12 AM IST

പാലക്കാട്: മുൻ മന്ത്രി എം.എം മണിയേയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്‌ണനുമെതിരെ ഫേസ്ബുക്കിൽ പോസ്‌റ്റിട്ട മുൻ സർക്കാർ ഉദ്യോഗസ്ഥന്റെ പെൻഷനിൽ നിന്ന് 500 സ്ഥിരമായി പിടിക്കാൻ ഉത്തരവ്. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുൻ പേഴ്സണൽ അസിസ്റ്റന്റും, എൻജിഒ യൂണിയൻ അംഗവുമായിരുന്ന മുഹമ്മദാലിയുടെ പെൻഷൻ തുകയിൽ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്.

മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു മുഹമ്മദാലിയുടെ പോസ്റ്റ്. തുടർന്ന് പോസ്റ്റിനെതിരെ പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസിൽ കോടതിയിൽ കുറ്റസമ്മതം നടത്തിയ മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു. പക്ഷേ കാര്യങ്ങൾ അവിടെ തീർന്നില്ല.

2021ൽ മുഹമ്മദാലി സർവീസിൽ നിന്ന് വിരമിച്ചെങ്കിലും വകുപ്പുതല അന്വേഷണം തുടർന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗിൽ മുഹമ്മദാലി മാപ്പ് അപേക്ഷിച്ച് വിശദീകരണം നൽകി. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ പെരുമാറ്റ ചട്ടത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെൻഷൻ തുകയിൽ നിന്നും പ്രതിമാസം 500 രൂപ പിടിക്കാനുള്ള ഉത്തരവ്. വിരമിക്കൽ ആനുകൂല്യങ്ങളും ഇതുവരെ നൽകിയിട്ടില്ല.