പത്മശ്രീ തിരിച്ചുനൽകുമെന്ന് ബജ്‌രംഗ് പുനിയ, പ്രധാനമന്ത്രിക്ക് കത്തയച്ചു, സാക്ഷി മാലിക്കിന്റെ രാജിക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് ഗുസ്തിതാരങ്ങൾ
ന്യൂഡൽഹി : ലൈംഗിക പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗിനെ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഗുസ്തിതാരം ബജ്‌രംഗ് പുനിയ പത്മശ്രീ പുരസ്കാരം തിരിച്ചു നൽകി. പത്മശ്രീ പുരസ്കാരം തിരിച്ചു നൽകുന്നതായി പ്രധാനമന്ത്രിക്ക് പൂനിയ കത്തയച്ചു.
എനിക്ക് രാജ്യം നൽകിയ ആദരം തിരിച്ചുനൽകുന്നതായി പുനിയ എക്സിൽ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ്ഭൂഷണിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ഗുസ്തി ഫെഡറേഷനിൽ നിന്ന് മാറ്റുമെന്ന് കേന്ദ്ര കായികമന്ത്രി ഉറപ്പുനൽകിയിരുന്നു. ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് പൂനിയ പറയുന്നു,.
സഞ്ജയ് സിംഗിനെ റസ്‌ലിംഗ് ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരം സാക്ഷി മാലിക് ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഗുസ്തി മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞു കൊണ്ട് കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
പ്രായപൂർത്തായാകാത്ത ആൾ ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ബി.ജെ.പി എം.പി കൂടിയായ ബ്രിജ്ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവരുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം നടന്നിരുന്നു.