വാട്ടർ അതോറിറ്റിയുടെ കണ്ണുതുറന്നു, ഇനി ശുദ്ധജലം ലഭിക്കും
ഷൊർണൂർ: ടൗണിൽ എസ്.ബി.ടിക്ക് മുന്നിൽ ഒരു വർഷത്തിലേറെയായി അഴുക്ക് ചാലിന് സമീപം പോകുന്ന വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ചാലിലൂടെ വെള്ളം ഒഴുകുന്നതിന് പരിഹാരമാകുന്നു. വ്യാപാരികളും നാട്ടുകാരും നിരവധി പരാതികൾ പറഞ്ഞിട്ടും നടപടി എടുക്കാതെ മുഖം തിരിഞ്ഞു നിന്ന ഈ സംഭവം കഴിഞ്ഞ ദിവസം കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട വാട്ടർ അതോറിറ്റി കോൺക്രീറ്റ് റോഡ് പൊളിച്ച് പൈപ്പ് റിപ്പയർ ചെയ്തു. മലിന ജലത്തിലൂടെ ശുദ്ധജലം ശക്തമായി ഒഴുകുന്നത് കാണുന്നവർ അധികൃതരുടെ അനാസ്ഥയിൽ പഴി പറയുക പതിവായിരുന്നു. പൈപ്പ് പൊട്ടിയത് വലിയ ദ്വാരമായി മാറിയതോടെ നല്ല കനത്തിൽ തന്നെ വെള്ളം പാഴായിരുന്നു. കുടിവെള്ളം പോലും കിട്ടാനാവാത്ത വേനൽ കാലത്ത് പോലും ഇവിടെ വെള്ളം പാഴായി പോയിരുന്നു. കുടിവെളും ഉപയോഗിക്കുന്നവരുടെ ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്. സമാനമായ രീതിയിൽ പൊലീസ് സ്റ്റേഷന് സമീപം അഴുക്ക് ചാലിലൂടെ പോകുന്ന പൈപ്പ് പൊട്ടിയത് നിസാരമായി വിട്ടതിനെ തുടർന്ന് സമീപത്തെ ഒരു കോളനിയിൽ മാരകമായ സാംക്രമിക രോഗം പടർന്നിരുന്നു. തുടർന്ന് ഒരു യുവാവിന്റെ മരണത്തിന് വരെ ഇത് ഇടയാക്കി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് ദുരന്തത്തിനിടയായത്. ഇതേ അവസ്ഥ വന്നുചേരുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സമാന സംഭവത്തിൽ ഉടനെ നടപടിയായത്.