ജല അതോറിട്ടിയുടെ 300 കോടി ന്യൂജെൻ ബാങ്കിലേക്ക്
തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ അക്കൗണ്ടുകൾ പൊതുമേഖലാബാങ്കായ എസ്.ബി.ഐയിൽ നിന്ന് പുതുതലമുറ സ്വകാര്യ ബാങ്കായ ബന്ധൻ ബാങ്കിലേക്ക് മാറ്റുന്നു. ഡയറക്ടർ ബോർഡിൽ പോലും ചർച്ച ചെയ്യാതെ 100 കോടി രൂപ ബന്ധൻ ബാങ്കിന്റെ തലസ്ഥാനത്തെ ശാഖയിലേക്ക് മാറ്റി. 300 കോടി രൂപയാണ് മാറ്റുക.
രണ്ടുമാസം മുമ്പ് ബാങ്കിന്റെ പ്രതിനിധികൾ ജല അതോറിട്ടി ആസ്ഥാനത്തെത്തി മാനേജിംഗ് ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദുമായി ചർച്ച നടത്തിയിരുന്നു. സ്ഥിരനിക്ഷേപങ്ങൾക്ക് പൊതുമേഖലാ ബാങ്കുകൾ 7.25 ശതമാനം വാർഷിക പലിശയാണ് നൽകുന്നത്. 8.5 ശതമാനമാണ് ബന്ധൻ ബാങ്ക് വാഗ്ദാനം ചെയ്തത്. ഈ മാസം 20നകം 100 കോടി നിക്ഷേപിച്ചാൽ 0.25 ശതമാനം പലിശ അധികം നൽകാമെന്നും ഉറപ്പുനൽകി. ഇതോടെയാണ് തുക മാറ്റിയത്. കേരള വാട്ടർ ആൻഡ് സ്വീവേജ് ആക്ട് അനുസരിച്ച് ട്രഷറിയിലോ, എസ്.ബി.ഐയിലോ, അതുമായി ബന്ധപ്പെട്ട ഷെഡ്യൂൾഡ് ബാങ്കുകളിലോ മാത്രമേ പണം നിക്ഷേപിക്കാവൂ. തീരുമാനം പിൻവലിക്കാൻ വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു),വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംഘടനകൾ എം.ഡിക്ക് കത്ത് നൽകി.
24 അക്കൗണ്ടുകൾ
24 അക്കൗണ്ടുകളാണ് വാട്ടർ അതോറിട്ടിയുടെ ഹെഡ് ഓഫീസ് കൈകാര്യം ചെയ്യുന്നത്. 20 എണ്ണം എസ്.ബി.ഐയിലാണ്.നാലെണ്ണം ട്രഷറിയിലാണ്. മുൻപ് എല്ലാ ഇടപാടും ഒറ്റഅക്കൗണ്ടിലായിരുന്നു. ക്രമക്കേടുകൾക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി കമ്പനി മുൻ അക്കൗണ്ട്‌സ് മെമ്പറും നിലവിൽ മാരിടൈം ബോർഡ് ചെയർമാനുമായ എൻ.എസ്.പിള്ളയാണ്
പല അക്കൗണ്ടുകളിലായി ഇടപാടുകൾ ക്രമീകരിച്ചത്.
കൊൽക്കത്തയിലെ ബാങ്ക്
കൊൽക്കത്ത ആസ്ഥാനമായി 2015ലാണ് ബന്ധൻ ബാങ്കിന്റെ തുടക്കം. വിവിധ സംസ്ഥാനങ്ങളിലായി 6238 ശാഖകളുണ്ട്.
പലിശ വ്യത്യാസം 3.75 കോടി (300 കോടിക്ക്)
എസ്.ബി.ഐ (7.25%): 22.5 കോടി
ബന്ധൻ ബാങ്ക് (8.5+0.25%):26.25 കോടി