ഡി.വൈ.എഫ്.ഐ നേതാവിന്റെ വധം: 14 ബി.ജെ.പിക്കാരെ വെറുതെ വിട്ടു

Saturday 23 December 2023 1:21 AM IST

തൃശൂർ: കൊടുങ്ങല്ലൂരിലെ സി.പി.എം - ഡി.വൈ.എഫ്.ഐ നേതാവായിരുന്ന കെ.യു. ബിജു കൊലക്കേസിൽ പ്രതികളായ 14 ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകരെ തൃശൂർ നാലാം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. ജോബ്, ഗിരീഷ്, സേവ്യർ, സുബിൻ, മനോജ്, ശ്രീകുമാർ, ഉണ്ണിക്കൃഷ്ണൻ, ശ്രീകുമാർ, അജിതൻ, റിയാൻ സുരേഷ്, ഉമേഷ്, തൃപ്രയാർ ഗിരി, കിഷോർ, പ്രശാന്ത് എന്നിവരെയും, പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ജഡ്ജി കെ.വി. രജനീഷ് വെറുതെ വിട്ടത്.
എടവിലങ്ങ് കരിച്ചാക്കുളത്ത് വീട്ടിൽ ജോബ്, പ്രായപൂർത്തിയാകാത്ത ഒരാൾ, പെരിഞ്ഞനം അമ്പാട്ട് വീട്ടിൽ കല്ലാടൻ ഗിരീഷ്, വെമ്പല്ലൂർ പള്ളിപ്പാട്ട് വീട്ടിൽ സേവ്യർ എന്ന അച്ചായൻ എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. മൈനറായിരുന്ന രണ്ടാം പ്രതിയുടെ വിചാരണ തൃശൂർ ജുവനൈൽ ജസ്റ്റിസ് കോടതിയിൽ നടക്കുകയാണ്. ബിജു കൃത്യസ്ഥലത്തേക്ക് വരുന്നത് അഞ്ചാം പ്രതി ലോകമലേശ്വരം ചെമ്പേഴത്ത് വീട്ടിൽ സുബിൻ മൊബൈൽ ഫോണിലൂടെ ഒന്നാം പ്രതിയെ അറിയിച്ചെന്നും ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റായിരുന്ന ശ്രീനാരായണപുരം ആലയിൽ വീട്ടിൽ ശ്രീകുമാർ, ഡ്രൈവർ ലോകമലേശ്വരം കളരിക്കൽ വീട്ടിൽ മനോജ്, വെമ്പല്ലൂർ കൈപ്പോത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ തുടങ്ങിയ പ്രതികൾ ബിജുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.
സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.യു. ബിജുവിനെ 2008 ജൂൺ 30നാണ് ആക്രമിച്ചത്. ചികിത്സയിലിരിക്കെ ജൂലായ് രണ്ടിന് ബിജു മരിച്ചു.

കേസിന്റെ വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന് ഈ വർഷം ജൂലായിലാണ് വിചാരണ പുനരാരംഭിച്ചത്. ആഗസ്റ്റിൽ വിചാരണ പൂർത്തിയാക്കി മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. അഭിഭാഷകരായ ബി. രാമൻ പിളള, പ്രതാപചന്ദ്രൻ പിള്ള , കെ. ജയചന്ദ്രൻ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അർജുൻ ശ്രീധർ എന്നിവരാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായത്. അഡ്വ. പാരിപ്പിള്ളി ആർ. രവീന്ദ്രനായിരുന്നു സ്‌പെഷൽ പ്രോസിക്യൂട്ടർ.

Advertisement
Advertisement