സഞ്ജുവാണ് താരം

Saturday 23 December 2023 6:53 AM IST

ബാറ്റിംഗിന് ഏറെ ദുഷ്കരമായ പാളിലെ ബോളണ്ട് പാർക്കിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ വിജയവും ഏകദിന പരമ്പരയും സമ്മാനിച്ച സെഞ്ച്വറി ഇന്നിംഗ്സിലൂടെ ദേശീയ ടീം സെലക്ഷൻ റെഡാറിനുള്ളിലായിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. കളിയിലെ താരവും 114പന്ത് നേരിട്ട് 6ഫോറും 3 സിക്സും ഉൾപ്പെടെ 108 റൺസ് നേടിയ സഞ്ജുവായിരുന്നു. മത്സരത്തിൽ 78 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര 2-1ന് സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി.

ടീമിന് ഏറെ ആവശ്യമുള്ള സമയത്ത് നേടിയ സെഞ്ച്വറിപലപ്പോഴും അവസരങ്ങൾ കൃത്യമായി ലഭിക്കാതെ തഴയപ്പെട്ടു കൊണ്ടിരുന്ന സഞ്ജുവിന്റെ കരിയർ തന്നെ മാറ്റിമറിച്ചേക്കാം.

2015 ജൂലായ് 19ന് ഹരാരെയിൽ സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-20 മത്സരത്തിലൂടെയാണ് സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2021 ജൂലായ് 21ന് ശ്രീലങ്കയ്ക്ക് എതിരെ കൊളംബോയിലാണ് സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. ഏകദിനത്തിൽ 16- ം ഇന്നിംഗ്‌സിലാണ് സഞ്ജു ആദ്യ സെഞ്ച്വറി നേടുന്നത്. സെഞ്ച്വറി നേടിയ ശേഷം മസിൽ പെരുപ്പിച്ച് കാണിച്ചുള്ള സഞ്ജുവിന്റെ ആഘോഷം വമ്പൻ സ്കോറുകളും മികച്ച പ്രകടനവും നടത്താനുള്ള കരുത്ത് എപ്പോഴും ഉണ്ടെന്നുള്ള സന്ദേശം കൂടിയാണ്. ടീമംഗങ്ങളും ആക്കാര്യം ശരിവയ്ക്കുന്നു. സഞ്ജു ഒരു പ്രതിഭാസമാണെന്നും എന്നാൽ നിർഭാഗ്യവശാൽ പലകാരണങ്ങൾ കകൊണ്ടും ദേശീയ ടീമിൽ അദ്ദേഹത്തിന് മതിയായ അവസരങ്ങൾ ലഭിച്ചില്ലായെന്നാണ് മത്സരശേഷം ഇന്ത്യൻ ടീം ക്യാപ്ടൻ കെ.എൽ രാഹുൽ പറഞ്ഞത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പാളിലെ മത്സരത്തിന് മുമ്പ് 15 ഏകദിനങ്ങളിൽ നിന്നായി 3 അർദ്ധ സെഞ്ച്വറികൾ ഉൾപ്പെടെ 402 റൺസാണ് സഞ്ജു നേടിയത്. 50.25 ആയിരുന്നു ആവറേജ്. ഇതിൽ പത്ത് ഇന്നിംഗ്സിലും അഞ്ചാമതോ ആറാമതോ ആണ് ബാറ്റ് ചെയ്ത്. എന്നാൽ ആഭ്യന്തര മത്സരങ്ങളിലും ഐ.പി.എല്ലിലും മൂന്നാം നമ്പറിലാണ് കൂടുതലും സഞ്ജു ഇറങ്ങുന്നത്. വ്യാഴാഴ്ച സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനം ടീമിനും സഞ്ജുവിനും ഒരുപോലെ ഗുണകരമായി മാറുകയായിരുന്നു. അഞ്ചാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു വളരെ സൂക്ഷ്മതയോടെയാണ് നിലയുറപ്പിച്ചതും ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് മേൽ ആധിപത്യം നേടിയും. സാഹചര്യത്തിന് അനുസരിച്ച് ശൈലി മാറ്റികളിക്കുന്ന ഇരുത്തം വന്ന ബാറ്ററെയാണ് സഞ്ജുവിൽ കണ്ടത്. നല്ല തുടക്കം മുതലാക്കാൻ കഴിയുന്നില്ല, വിക്കറ്റ് വലിച്ചെറിയുന്നു എന്നീ വിമർശനങ്ങൾക്കും സഞ്ജു ബാറ്റ് കൊണ്ട് മറുപടി കൊടുത്തു. സഞ്ജുവിനെ പുകഴ്ത്താൻ പിശുക്കുകാട്ടുന്ന പലരും വാനോളമാണ് പാളിലെ സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചത്. ദക്ഷിണാഫ്രിക്കയിൽ മൂന്നാമനായിറങ്ങി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് സഞ്ജു.

ട്വന്റി-20,ഏകദിന ലോകകപ്പുകളിൽ ഉൾപ്പെടെ അകാരണമായി തഴയപ്പെട്ട സഞ്ജുവിന് അഞ്ചാം വിവാഹ വാർഷികത്തലേന്ന് പാളിൽ നേടിയ സെഞ്ച്വറിയിലൂടെ ഇന്ത്യൻ സെലക്ടർമാർക്ക് മുന്നിലേക്ക് കസേര വലിച്ചിടാനായി.

Advertisement
Advertisement