തമസ്സോമാ ജ്യോതിർഗമയ
ഒലിവ് ചില്ലകളിൽ താങ്ങി നിൽക്കുന്ന ഭൂഗോളത്തിന് ഭാരമേറിവരുന്നു. ഇലകൾ കൊഴിഞ്ഞുപോയെങ്കിലും തണ്ടുകളൊടിയാതിരിക്കട്ടെ യുദ്ധഭൂമിയിൽ വെളിച്ചം വിതറിയ മിന്നാമിന്നികൾ ഇന്നിവിടെയില്ല. പച്ചമാംസത്തിൽ സൂചി കോർത്തെടുക്കുന്ന, തീവ്ര വേദനയിൽ അലറിക്കരയുന്ന ബാല്യത്തിന് മുന്നിൽ, വേദന മായ്ക്കുന്ന മരുന്നുകളില്ലാതെ, വരണ്ട ചുണ്ടുകളിലിറ്റിക്കുവാൻ ഒരിറ്റു കണ്ണീരു പോലും ബാക്കിയില്ലാതെ മരിച്ച മനസ്സുമായി ഞാനലയുന്നു ഗാസയിലെ തെരുവീഥിയിലൂടെ ഒരശ്വത്ഥാമാവിനെപ്പോലെ. പൂക്കളും പ്രഭാതവുമില്ലാത്ത യന്ത്രപ്പറവകൾ മാത്രം പറക്കുന്ന ആകാശവീഥിയിൽ കാറ്റുപോലും മരവിച്ച് നിൽക്കുന്നു. ചേരിചേരാത്തൊരിൻന്ത്യയിന്ന് ആരെയോ ചാരിനിന്ന് ചിരിക്കുന്നു. ഇരവിൽ സന്ധിചെയ്ത് കൈ കൊടുത്ത് ആലിംഗനം ചെയ്ത് ഗുട്ടറസ്സും നെതന്യാഹും. ഉച്ചനീചത്വങ്ങൾ മറനീക്കിയെത്തുന്ന ഉച്ചകോടികളാർക്കുവേണ്ടി. ഉദകക്രിയകൾക്കൊരുണ്ണിയില്ലാതെ, പലായനപ്പെരുവഴിയിൽ ചോരപ്പുഴ നീന്തിയൊടുങ്ങുമീ അനാഥ ബാല്യങ്ങൾ. അതിരുകളടച്ച്, മണ്ണിനെ പകുത്ത്, വെറുപ്പിനെ വില്പനയ്ക്കുവച്ച്, ഭിക്ഷാപാത്രങ്ങളിൽ ആത്മീയതവിളമ്പുന്ന, ഒരു മതത്തിന്റെയും വക്താവാകാത്ത ഒരു ജനത ഉയിർകൊള്ളട്ടെ. ഇല കൊഴിഞ്ഞ ഒലിവിലത്തണ്ടിൽ ഈ ഭൂഗോളം താഴാതെ, മായാതെ മറയാതിരിക്കട്ടെ. തമസ്സോമാ ജ്യോതിർഗമയാ...