പരിക്ക് ഭേദമായില്ല, മുംബയ് ഇന്ത്യൻസിനെ ഇത്തവണ നയിക്കാൻ കഴിഞ്ഞേക്കില്ലെന്ന വിവരം, പിന്നാലെ ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് നേരെ വ്യാപക ട്രോൾ

Saturday 23 December 2023 7:59 PM IST

മുംബയ്: ഐപിഎൽ 2024 സീസണിൽ മുംബയ് ഇന്ത്യൻസിനെ നയിക്കാൻ ഫ്രാഞ്ചൈസി കോടികൾ എറിഞ്ഞ് സ്വന്തമാക്കിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയ്‌ക്ക് കഴിഞ്ഞേക്കില്ലെന്ന് സൂചന. ഏകദിന ലോകകപ്പ് സമയത്ത് ഉണ്ടായ പരിക്ക് ഭേദമാകാത്തതാണ് കാരണം. കാലിനാണ് ഹാർദ്ദികിന് പരിക്കേറ്റിരുന്നത്. ഇക്കാരണത്താൽ തന്നെ വരുന്ന ഐപിഎല്ലും ഹാർദ്ദികിന് നഷ്‌ടമാകുമെന്നാണ് ചില ദേശീയമാദ്ധ്യമങ്ങൾ നൽകുന്ന സൂചന.

ഗുജറാത്ത് ടൈറ്റൻസ് നായകനായി ടീമിന് ആദ്യ സീസണിൽ തന്നെ കിരീടം നേടിക്കൊടുത്ത ഹാർദ്ദിക് പാണ്ഡ്യയെ ഇത്തവണ വലിയ വില നൽകിയാണ് മുംബയ് ഇന്ത്യൻസ് സ്വന്തമാക്കിയത്. ഒപ്പം ഏറെ നാളായി ടീമിന്റെ നായകനായ രോഹിത്ത് ശർമ്മയെ മാറ്റി പകരം നായകനുമാക്കി. ഇതോടെ രോഹിത്തിന്റെ ആരാധകർ കടുത്ത വിമർശനമാണ് തീരുമാനത്തിനെതിരെ നടത്തിയത്. തീരുമാനം വന്ന് ഒറ്റ ദിവസംകൊണ്ട് ലക്ഷങ്ങളാണ് മുംബയ് ഇന്ത്യൻസിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് അൺഫോളോ ചെയ്‌തത്. ഒപ്പം ചെന്നൈ സൂപ്പർ കിംഗ്‌സിന് ഫോളോവേഴ്‌സ് വർദ്ധിക്കുകയും ചെയ്‌തു. പാണ്ഡ്യയ്‌ക്ക് ഈ സീസൺ ഐപിഎൽ നഷ്‌ടമാകും എന്ന് വാർത്ത പുറത്തുവന്നതോടെ നിരവധിപേർ താരത്തിനെതിരെ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്. മിക്കവയും താരത്തെ നേരിട്ട് പരിഹസിക്കുന്നവയാണ്.