തടസങ്ങളൊക്കെ അകലുന്നു, റോബിൻ വീണ്ടും നിരത്തുകളിലേക്ക്; ബസ് ഉടമ ബേബി ഗിരീഷിന് വിട്ടുനൽകാൻ കോടതി ഉത്തരവ്
Saturday 23 December 2023 9:01 PM IST
പത്തനംതിട്ട: പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടൻ നിരത്തുകളിലേക്ക്. ബസ് ഉടമ ബേബി ഗിരീഷിന് വിട്ടുനൽകാനാണ് കോടതി ഉത്തരവിട്ടത്. നിയമലംഘനത്തിന് പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയാണ് ബസ് ഗിരീഷിന് നൽകുന്നത്. പിഴ ഒടുക്കിയാൽ ബസ് വിട്ടുനൽകാമെന്ന ഹൈക്കോടതി ഉത്തരവും പൊലീസ് കസ്റ്റഡിയിൽ ബസിന് വെയിലും മഴയുമേറ്റ് കേടുപാടുണ്ടാകും എന്ന വാദവും പരിഗണിച്ച് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
പിഴതുക അടച്ചശേഷവും ബസ് വിട്ടുനൽകുന്നില്ലെന്നുകാട്ടി ഗിരീഷ് കോടതിയെ സമീപിച്ചിരുന്നു. ബസിലെ സാധനങ്ങളുടെ പട്ടിക മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കണമെന്നും ഇതിനായി പൊലീസ് സഹായിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.ബസ് സർവീസ് അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ബേബി ഗിരീഷ് അറിയിച്ചു.