പുതിയ ക്രിമിനൽ നിയമങ്ങൾ: പൊലീസിന് പരിശീലനം നൽകും

Sunday 24 December 2023 12:29 AM IST

തിരുവനന്തപുരം: ക്രിമിനൽ നിയമങ്ങൾ ലോക്‌സഭ ഭേദഗതി ചെയ്തതോടെ കേസെടുക്കാനും കുറ്റപത്രം നൽകാനും അന്വേഷണത്തിനുമടക്കം പുതിയ നിയമങ്ങൾ പൊലീസ് പഠിക്കേണ്ടിവരും. സി.പി.ഒ മുതൽ അറുപതിനായിരത്തോളം പൊലീസുകാർക്ക് പരിശീലനം നൽകാനുള്ള മൊഡ്യൂൾ ഉടൻ തയ്യാറാവും. പൊലീസ് അക്കാഡമി, ട്രെയിനിംഗ് കോളേജ്, ജില്ലാ ട്രെയിനിംഗ് സെന്ററുകൾ, ജില്ലാ പൊലീസ് ആസ്ഥാനങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശീലനമൊരുക്കും.

ഭാരതീയ ന്യായസംഹിത (ഐ.പി.സി 1860 ), ഭാരതീയ നാഗരിക് സുരക്ഷാസംഹിത (സി.ആർ.പി.സി 1898 ), ഭാരതീയ സാക്ഷ്യ സംഹിത (തെളിവുനിയമം 1872) എന്നിങ്ങനെയാണ് പുതിയ നിയമങ്ങൾ. പൊലീസുകാർക്കെല്ലാം മനഃപാഠമായിരുന്ന വകുപ്പുകൾക്ക് ഇനി പുതിയ നമ്പറും പേരുമാണ്. ഇവ വിജ്ഞാപനത്തിലുള്ള പ്രകാരമാവും പരിശീലന മൊഡ്യൂളുണ്ടാക്കുക.

പുതിയ നിയമങ്ങൾ പൊലീസ് വ്യക്തമായി പഠിക്കണം. എഫ്.ഐ.ആറിലെ വകുപ്പുകളിൽ പിഴവുണ്ടായാലും തെളിവുശേഖരണത്തിൽ വീഴ്ചയുണ്ടായാലും കേസിനെ ബാധിക്കും. പ്രതികൾ രക്ഷപെടാനിടയാക്കും. കോടതികളിൽ എഫ്.ഐ.ആറും കുറ്റപത്രവും നൽകുന്നതിന് മുൻപ് ഉന്നത ഉദ്യോഗസ്ഥരുടെയും നിയമവിഭാഗത്തിന്റെയും പരിശോധന കർശനമാക്കും. കേസന്വേഷണത്തിലും മേൽനോട്ടം നിർബന്ധമാക്കും. ഫോറൻസിക് ഉദ്യോഗസ്ഥർക്ക് തെളിവുശേഖരണത്തിലും പരിശീലനം നൽകേണ്ടിവരും. മികച്ച അഭിഭാഷകരെക്കൊണ്ട് ക്ലാസെടുപ്പിക്കണം. ബിൽ വിജ്ഞാപനം ചെയ്യുന്നതോടെ പുതിയ നിയമങ്ങൾ രാജ്യമാകെ പ്രാബല്യത്തിലാവും.

ഡിജിറ്റൽ തെളിവിന്

പ്രാധാന്യമേറും

ഇ​ല​ക്ട്രോ​ണി​ക് ​റെ​ക്കോ​ർ​ഡു​ക​ൾ​ ​പ്രാ​ഥ​മി​ക​ ​തെ​ളി​വാ​കുന്നതോടെ ഡിജിറ്റൽ തെളിവുശേഖരണത്തിന് പ്രാധാന്യമേറും.

വിചാരണ ഓൺലൈനാകുന്നത് പ്രതികളെ കോടതിയിലെത്തിക്കേണ്ട പൊലീസിന്റെ ജോലിഭാരം കുറയ്‌ക്കും.

302

കൊലക്കുറ്റത്തിനുള്ള ഐ.പി.സി വകുപ്പ് പുതിയ നിയമത്തിൽ 103ആവും

511

വകുപ്പുകൾ ഐ.പി.സിയിലുണ്ടായിരുന്നത് ഇനി 356 . 175എണ്ണം ഇല്ലാതായി