ഗതാഗത വകുപ്പിനെ നന്നാക്കാൻ ഇന്ത്യയിൽ ഒരിടത്തുമില്ലാത്ത പദ്ധതി; എല്ലാ ഓട്ടയും അടയ്ക്കും, അഴിമതി അനുവദിക്കില്ലെന്നും ഗണേഷ് കുമാർ

Sunday 24 December 2023 12:22 PM IST

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി ലഭിച്ച മന്ത്രിസ്ഥാനം ഇടതുപക്ഷ മുന്നണിയുടെയും കേരളത്തിലെ ജനങ്ങളുടെയും അംഗീകാരമായി കാണുന്നുവെന്ന് നിയുക്ത മന്ത്രി ഗണേഷ് കുമാർ. ഗതാഗത വകുപ്പിനെ നന്നാക്കാനുള്ള പദ്ധതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനത്തിൽ ഇടതുപക്ഷ മുന്നണിയുടെ അഭിമാനകരമായ പദ്ധതി നടപ്പിലാക്കാനുള്ള ആശയങ്ങളുണ്ട് മനസിൽ. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലെവിടെയും ഇല്ലാത്തൊരു സംവിധാനം,​ കേരളത്തിൽ മുക്കിലും മൂലയിലും എല്ലാവർക്കും വണ്ടികിട്ടുന്ന തരത്തിൽ നടപ്പിലാക്കും. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

'ചെലവ് കുറച്ച് വരവ് കൂട്ടുക എന്നതാണ് നടപ്പിലാക്കാൻ ഒരുങ്ങുന്നത്. എല്ലാ ഓട്ടകളും അടയ്ക്കും. യാതൊരുവിധ അഴിമതിയും അനുവദിക്കില്ല. അതിലൊരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല. ആവശ്യമുള്ള കാര്യങ്ങളിൽ യൂണിയനും ഇടപെടാം. തൊഴിലാളികലുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങളിൽ ഇടപെടാം. എന്നാൽ ഭരണസംബന്ധമായ കാര്യങ്ങളിൽ പണ്ടും യൂണിയൻകാർ എന്നോട് അഭിപ്രായം പറഞ്ഞിട്ടില്ല. എന്നാൽ അവരുമായും കാര്യങ്ങൾ ആലോചിക്കും. അവരെ പീഡിപ്പിച്ചും വിരട്ടിയുമൊന്നും കാര്യം സാധിക്കാൻ കഴിയില്ല. അവരെയും ഒപ്പം നിർത്തും.

വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ശ്രമിക്കും. സിനിമയിൽ നല്ല വേഷങ്ങൾ വന്നാൽ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രം സ്വീകരിക്കും. മുഖ്യമന്ത്രിയുടെ അനുവാദത്തോടെ മാത്രമേ മന്ത്രിക്ക് അഭിനയിക്കാൻ സാധിക്കുകയുള്ളൂ'- ഗണേഷ് കുമാർ വ്യക്തമാക്കി.

Advertisement
Advertisement