അയ്ശരി, ബാറ്റെങ്കിലും കൊണ്ടുവന്നത് ഭാഗ്യമെന്ന് സോഷ്യല്‍ മീഡിയ; പാകിസ്ഥാന്‍ താരത്തിന് പറ്റിയത് മുട്ടന്‍ അബദ്ധം | വീഡിയോ

Sunday 24 December 2023 8:23 PM IST

സിഡ്‌നി: ബിഗ് ബാഷ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്ഥാന്‍ പേസറും മെല്‍ബണ്‍ സ്റ്റാഴ്‌സ് താരവുമായ ഹാരിസ് റൗഫിന് പറ്റിയ അബദ്ധം വൈറലാകുന്നു. സിഡ്‌നി തണ്ടറിന് എതിരെയുള്ള മത്സരത്തില്‍ ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയ ശേഷമാണ് താരം പ്രധാനപ്പെട്ട ചില സാധനങ്ങള്‍ എടുക്കാന്‍ മറന്നുവെന്ന് മനസ്സിലാക്കിയത്.

ബാറ്റും ഹെല്‍മറ്റും ധരിച്ചിരുന്ന താരം ഒരു കൈയിലെ ഗ്ലൗസും ബാറ്റിംഗ് സമയത്ത് ഉപയോഗിക്കുന്ന പാഡും മറക്കുകയായിരുന്നു. അവസാന ഓവറില്‍ തുടര്‍ച്ചയായി മൂന്ന് പന്തുകളിലും മെല്‍ബണ്‍ ടീമിന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ അപ്രതീക്ഷിതമായി ഹാരിസ് റൗഫിന് ക്രീസിലിറങ്ങേണ്ട സ്ഥിതിയുണ്ടായി.

എന്നാല്‍ തിടുക്കത്തില്‍ ഗ്രൗണ്ടിലേക്ക് ഓടിയ താരം പാഡ് ധരിക്കാന്‍ ഓര്‍മ്മിച്ചതുമില്ല. അതേസമയം നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് ആയിരുന്നു എത്തേണ്ടത് എന്നതുകൊണ്ട് തന്നെ ഹാരിസ് റൗഫിന് ഒരു പന്ത് പോലും നേരിടേണ്ടിവന്നില്ല.

മത്സരത്തില്‍ ഹാരിസിന്റെ ടീം തോല്‍ക്കുകയും ചെയ്തു. അഞ്ച് വിക്കറ്റിനാണ് സിഡ്‌നി തണ്ടര്‍ മെല്‍ബണ്‍ സ്റ്റാഴ്‌സിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മെല്‍ബണ്‍ 20 ഓവറില്‍ 172 റണ്‍സ് നേടിയപ്പോള്‍ സിഡ്‌നി 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.