സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കും
കൊച്ചി: ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് നിയമനടപടി നേരിടുന്ന കെ.ബി.ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ച് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ പ്രധാന പങ്കാളിയായ ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രിയും എൽ.ഡി.എഫും പിന്മാറണം.
നൂറുകണക്കിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർ മർദ്ദനമേറ്റ് ആശുപത്രിയിലായ സാഹചര്യം കൂടി പരിഗണിച്ചാണ് ബഹിഷ്‌കരണ തീരുമാനം.
നവകേരള സദസുകൊണ്ട് എന്തു പ്രയോജനമുണ്ടായെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. സദസിലൂടെ മുഖ്യമന്ത്രി കേരളത്തെ കലാപ ഭൂമിയാക്കി. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തരമന്ത്രിയും ഇരുന്ന സ്റ്റേജിലേക്ക് ജലപീരങ്കി പ്രയോഗിക്കാനും ഗ്രനേഡ് എറിയാനും നിർദ്ദേശിച്ചയാളാണ് മുഖ്യമന്ത്രി.
സദസിന്റെ അവസാന ദിവസം ഹർത്താൽ നടത്താൻ യു.ഡി.എഫ് ആലോചിക്കാത്ത കാര്യം മുഖ്യമന്ത്രി എങ്ങനെ അറിഞ്ഞെന്ന് വ്യക്തമാക്കണം. ഹൈക്കോടതി വിധിയെ പരിഹസിക്കുന്ന മുഖ്യമന്ത്രിക്ക് തോന്നിയതുപോലെ കാര്യങ്ങൾചെയ്യാൻ കേരളത്തിൽ പറ്റില്ല. ഭീഷണി വേണ്ട.