ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം റോബിൻ ബസ് വീണ്ടും നിരത്തിൽ; വിടാതെ പിന്തുടർന്ന് ആർ ടി ഒ, ഇന്നും രണ്ട് തവണ തടഞ്ഞു

Tuesday 26 December 2023 10:40 AM IST

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ തടഞ്ഞ് ആർ ടി ഒ. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് റോബിൻ ബസിനെ തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതർ തടയുന്നത്.

പെർമിറ്റ് ലംഘനത്തെതുടർന്ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത് വിട്ടയച്ച ബസ് ഇന്നാണ് വീണ്ടും സ‌ർവീസ് തുടങ്ങിയത്. പത്തനംതിട്ട - കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നീട്ട് മെെലപ്രയിൽ എത്തിയപ്പോൾ മോട്ടോർ വാഹനവകുപ്പ് പരിശോധനയ്ക്കായി തടഞ്ഞു. പരിശോധന പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു.

കഴിഞ്ഞമാസം 24ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. നിയമലംഘനത്തിന് പിഴ അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഉടമ ഗിരീഷ് പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്നലെയാണ് ബസ് വിട്ടു കൊടുത്തത്.

നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പരിശോധിക്കുന്നവർക്ക് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ കനത്ത പിഴയും ചുമത്തിയിരുന്നു. 82,000 രൂപ പിഴ അടച്ചെന്ന് ബസ് നടത്തിപ്പുകാരൻ ഗിരീഷ് പറഞ്ഞു.