ന്യൂ ഇയറിന് നാട്ടിൽ വന്നുള്ള ആഘോഷം പ്രവാസികളിൽ പലരും മാറ്റിവയ‌്ക്കുന്നു, ഉത്തരേന്ത്യൻ കൊള്ളക്കാർ ഇതിലും ഭേദം

Tuesday 26 December 2023 12:16 PM IST

മലപ്പുറം: ക്രിസ്‌മസ്,​ പുതുവത്സരം മുതലാക്കി ആകാശത്തും നിരത്തിലും ടിക്കറ്റ് കൊള്ള. ഇതോടെ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച് പ്രവാസികൾ. വിമാന നിരക്ക് നാലിരട്ടിയായി. ട്രെയിനുകളിൽ കൺഫേം ടിക്കറ്റില്ലാത്തത് മുതലെടുത്ത് അന്തർസംസ്ഥാന ബസുകളിലും കൊള്ള നിരക്കായി.

ഗൾഫ്,​ യൂറോപ്പ്,​ അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം വിമാന നിരക്ക് വർദ്ധിച്ചിട്ടുണ്ട്. ബഡ്ജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്‌പ്രസിൽ ഉൾപ്പെടെ. ജിദ്ദയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ രണ്ടര ലക്ഷത്തോളം രൂപ വേണം. ഇക്കണോമി ക്ലാസിൽ 70,000 - 80,000 രൂപ നൽകണം. സാധാരണ 25,000 രൂപയാണ്. ന്യൂയോ‌ർക്ക് - കൊച്ചി 1,80,000 - 2,20,000 രൂപ. സാധാരണ 75,000 - 85,000 മതി. ലണ്ടൻ - കൊച്ചി. 1,60,000 രൂപ. സാധാരണ 50,000 രൂപയാണ്.

ഗൾഫ് സെക്ടറിൽ വിമാനസീറ്റ് കൂട്ടണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. യു.എ.ഇയിലേക്ക് ഒരു മാസം ഇന്ത്യയിൽ നിന്ന് 2,60,000 പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഇത് നാല് ലക്ഷമാക്കണമെന്നാണ് ആവശ്യം. ശൈത്യകാല അവധിക്ക് അടച്ച ഗൾഫിലെ സ്കൂളുകൾ ജനുവരി രണ്ടാംവാരം തുറക്കും.

ഇന്നത്തെ നിരക്ക്

ജിദ്ദ - കോഴിക്കോട്....................................... 51,000 - 61,000

ഷാർജ - കോഴിക്കോട്................................ 36,000 - 40,000

അബുദാബി - കോഴിക്കോട്.......................37,000 - 40,000

അബുദാബി - തിരുവനന്തപുരം............... 35,000 - 40,000

ദോഹ - തിരുവനന്തപുരം.......................... 50,000 - 65,000

ദോഹ - കൊച്ചി.............................................35,000 - 40,000

മസ്ക്റ്റ് - കൊച്ചി ............................................. 35,000 - 45,000

ഷാർജ - കണ്ണൂർ............................................ 30,000 - 33,000

സ്വകാര്യ ബസ്

(കൂട്ടിയ നിരക്ക്, സാധാരണ നിരക്ക് ബ്രാക്കറ്റിൽ)

ബംഗളൂരു- കൊച്ചി

എ.സി സ്ലീപ്പർ....................... 3,​500- 4,300 (1,​400- 1,​500)

എ.സി സെമി സ്ലീപ്പർ............2,900- 3,​200 (1,260- 1,200)

ബംഗളൂരു- തിരുവനന്തപുരം

എ.സി സ്ലീപ്പർ........................4,​000- 4,​600 (1,​600- 1,​700)

എ.സി സെമിസ്ലീപ്പർ........... 3,300- 3,500 (1,​300- 1,​500)

ബംഗളൂരു - കോഴിക്കോട്

എ.സി സ്ലീപ്പ‌‌ർ.........................2,500- 2,700 (1,000-1,250)

സെമി സ്ലീപ്പർ.........................1,700- 2,300 (900-1,000)