മില്ലറ്റും മീനും പ്രദർശന ഭക്ഷ്യമേള നാളെ മുതൽ

Tuesday 26 December 2023 6:35 PM IST

കൊച്ചി: മീനിനൊപ്പം ചെറുധാന്യ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന 'മില്ലറ്റും മീനും' പ്രദർശന ഭക്ഷ്യമേള നാളെ സി.എം.എഫ്.ആർ.ഐയിൽ (വ്യാഴം) തുടങ്ങും. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മില്ലറ്റ്‌സ് റിസർച്ച് ഡയറക്ടർ ഡോ. സി. താര സത്യവതി ഉദ്ഘാടനം ചെയ്യും.
കർണാടകയിലെ ചെറുധാന്യ കർഷകസംഘങ്ങളുടെ വിവിധ ഉത്പന്നങ്ങളും വനിത സ്വയംസഹായക സംഘങ്ങൾ ഒരുക്കുന്ന മില്ലറ്റ്മീൻ വിഭവങ്ങളുമാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. ചെറുധാന്യങ്ങളുടെ കുക്കറി ഷോ, കൂടുകൃഷികളിൽ വിളവെടുത്ത ജീവനുള്ള മീനുകൾ, ബയർസെല്ലർ സംഗമം, പോഷണ ആരോഗ്യ ചർച്ചകൾ, പാചക മത്സരം, ലക്ഷദ്വീപ് ഉത്പന്നങ്ങൾ തുടങ്ങിയവയും മേളയിൽ ഉണ്ടാവും. മത്സ്യവകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവുമൺ (സാഫ്), കേരള ഹോട്ടൽ ആൻഡ് റെസ്റ്റൊറന്റ് അസോസിയേഷൻ, കേരള ബേക്കേഴ്‌സ് അസോസിയേഷൻ തുടങ്ങിയവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. ഭക്ഷ്യമേഖലയിൽ സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ കേന്ദ്ര ഗവേഷണ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ മേളയിൽ പരിചയപ്പെടുത്തും. ആകാശവാണി കൊച്ചി എഫ്.എം ഒരുക്കുന്ന കലാപരിപാടികൾ ഉണ്ടാവും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് മേളയുടെ സമയം. പ്രവേശനം സൗജന്യമാണ്. മേള ശിനായഴ്ച സമാപിക്കും.

Advertisement
Advertisement