ഒരു റണ്‍സില്‍ കുറ്റി തെറിച്ച് ബാബര്‍ അസം, മെല്‍ബണില്‍ പാകിസ്ഥാന്‍ പതറുന്നു | വീഡിയോ

Wednesday 27 December 2023 6:44 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന്‍ പതറുന്നു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 318 റണ്‍സിന് മറുപടിയുമായി ബാറ്റിംഗ് ആരംഭിച്ച പാക് ടീം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 124 റണ്‍സ് പിന്നിലാണ് അവരിപ്പോള്‍.

ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് (62), ഇമാം ഉള്‍ ഹഖ് (10) നായകന്‍ ഷാന്‍ മസൂദ് (54), സൗദ് ഷക്കീല്‍ (9) ആഗാ സല്‍മാന്‍ (5) റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ താരം ബാബര്‍ അസം (1) നിരാശപ്പെടുത്തി. മുഹമ്മദ് റിസ്‌വാന്‍ (29*), ആമിര്‍ ജമാല്‍ (2*) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി നായകന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റും നേഥന്‍ ലയണ്‍ രണ്ട് വിക്കറ്റും ജോഷ് ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ഒന്നാം ദിവസത്തെ സ്‌കോറായ 3ന് 187 എന്ന നിലയില്‍ കളിയാരംഭിച്ച് ആതിഥേയരെ പാക് ബൗളര്‍മാര്‍ പെട്ടെന്ന് ചുരുട്ടിക്കെട്ടി. ലാബുഷെയ്ന്‍ (63) ആണ് ഓസീസി നിരയിലെ ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് (17), മിച്ചല്‍ മാര്‍ഷ് (41), അലക്‌സ് ക്യാരി (4) സ്റ്റാര്‍ക് (9), കമ്മിന്‍സ് (13), ലയണ്‍ (8) എന്നിവരാണ് ഇന്ന് പുറത്തായ ഓസീസ് ബാറ്റര്‍മാര്‍.

മൂന്ന് വക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ആമിര്‍ ജമാലാണ് പാക് നിരയില്‍ തിളങ്ങിയത്. ഷഹീന്‍ ഷാ അഫ്രീദി, മിര്‍ ഹംസ, ഹസന്‍ എലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആഗാ സല്‍മാന്‍ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഓസ്‌ട്രേലിയ മൂന്ന് മത്സര പരമ്പരയില്‍ (1-0) മുന്നിലാണ്.