ക്ഷീരകർഷകരുടെ മക്കൾക്ക് മലബാർ മിൽമയിൽ ജോലിക്ക് മുൻഗണന നിർദ്ദേശം ക്ഷീരവകുപ്പിന്റെ പരിഗണയിൽ

Thursday 28 December 2023 12:00 AM IST

തിരുവനന്തപുരം: മിൽമയിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ ക്ഷീര കർഷകരുടെ മക്കൾക്കും ആശ്രിതർക്കും മുൻഗണന നൽകാൻ ആലോചന. മാനേജിംഗ് ഡയറക്ടർ മുതൽ താഴേക്കുള്ള എല്ലാ ഒഴിവുകളിലും ഇത് ബാധകമാക്കാനാണ് നീക്കം. മലബാർ മിൽമയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. മത്സര പരീക്ഷകളിൽ വെയിറ്റേജ് മാർക്ക് നൽകിയാണ് ഇത് നടപ്പിലാക്കുക. പൊതുയോഗം അംഗീകരിച്ച തീരുമാനം സർക്കാരിന്റെ പരിഗണനയിലാണ്. നിയമവശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാൻ ക്ഷീര വികസന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

ക്ഷീര കർഷകരുടെ പ്രസ്ഥാനമായ മിൽമയിൽ ഇതുവരെയും ക്ഷീര കർഷകരുടെ മക്കൾക്ക് ജോലിയിൽ മുൻഗണന നൽകിരുന്നില്ല. എന്നാൽ, ക്ഷീര സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷീര കർഷകന്റെ വിയർപ്പിൽ വളർന്ന മിൽമയിലെ ജോലിക്ക് അവരുടെ മക്കൾക്ക് മുൻഗണന നൽകണമെന്ന നിലപാടാണ് മലബാർ മിൽമ ഭരണസമിതിക്കുള്ളത്. മലബാറിൽ നടപ്പായാൽ എറണാകുളം, തിരുവനന്തപുരം മേഖല യൂണിയനുകളിലും നടപ്പാകാൻ വഴിതെളിയും. നിലവിൽ എംപ്ലോയ്‌മെന്റ് മുഖേനയുള്ള പ്ലാന്റ് അറ്റൻഡർ പോലുള്ള താത്കാലിക ജോലികളിൽ ക്ഷീര കർഷകരുടെ മക്കൾക്ക് മലബാർ മിൽമയിൽ മുൻഗണന നൽകിയിട്ടുണ്ട്.

അഞ്ചു മാർക്ക് വെയിറ്റേജ്

ഓരോ തസ്‌തികയ്‌ക്കും ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയിലോ,ഉദ്യോഗാർത്ഥിയുടെ കഴിവിലോ, പ്രൊഫഷണലിസത്തിലോ ഇളവ് അനുവദിക്കില്ല. എഴുത്തുപരീക്ഷയിലും ഇളവുണ്ടാകില്ല. ക്ഷീരകർഷകരുടെ മക്കൾക്ക് മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതിനേക്കാൾ അഞ്ചു മാർക്ക് വെയിറ്റേജ് നൽകാനാണ് ആലോചന. വകുപ്പിന്റെ പരിഗണയിലുള്ള ഫയലിൽ രണ്ടു മാസത്തിനകം തീരുമാനം ഉണ്ടാകും.

ക്ഷീര കർഷകർക്ക് ഇതുവരെയില്ലാത്ത പരിഗണന നൽകുന്ന തീരുമാനമാണിത്. പശുവളർത്തലിന്റെ മേന്മ കർഷകർക്ക് അനുഭവേദ്യമാക്കാനാണ് മലബാർ മിൽമ ഇത്തരമൊരു തീരുമാനമെടുത്തത് .

-കെ.എസ്. മണി മിൽമ ചെയർമാൻ