കേരളത്തിന് 6 മെമുകൂടി: നിർദ്ദേശം പരിഗണനയിൽ
കൊച്ചി: കേരളത്തിലെ ഹ്രസ്വദൂര റെയിൽ യാത്രാദുരിതം പരിഹരിക്കുന്നതിന് ആറ് മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന നിർദ്ദേശം കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റിയാണ് നിർദ്ദേശം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും റെയിൽവേ ബോർഡിനും സമർപ്പിച്ചത്. അംഗീകാരമായാൽ വിദ്യാർത്ഥികളുടേയും ജോലിക്കാരുടേയും യാത്രാക്ലേശത്തിന് പരിഹാരമാകുമെന്ന് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു.
തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം. മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിൽ തുടർച്ചയായി ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേ പുതുതായി അവതരിപ്പിക്കുന്ന വന്ദേമെട്രോയും കേരളം പ്രതീക്ഷിക്കുന്നു. ഇത് മെമു മാതൃകയിലുള്ളതാണ്. വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണിത്.