ചില്ലുപാലം സൂപ്പർ ഹിറ്റ്: കയറിയത് ലക്ഷം പേർ

Friday 29 December 2023 12:33 AM IST

ഇടുക്കി: വാഗമൺ ചില്ലുപാലത്തിൽ മൂന്നരമാസത്തിനുള്ളിൽ കയറിയത് ഒരു ലക്ഷം സഞ്ചാരികൾ. ക്രിസ്മസ് അവധിക്ക് തിരക്ക് കാരണം ചില്ലുപാലത്തിൽ കയറാനാകാതെ നിരാശരായി മടങ്ങിയത് ആയിരങ്ങൾ. സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് 40 മീറ്റർ നീളമുള്ള കൂറ്റൻ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചിരിക്കുന്നത്.

വാഗമണിൽ നിന്ന് നാല് കിലോമീറ്റർ അകലെ കോലാഹലമേട്ടിലാണ് അഡ്വഞ്ചർ പാർക്ക്. ഗ്ലാസ് ബ്രിഡ്ജുള്ള അഡ്വഞ്ചർ പാർക്കിലേക്കുള്ള വാഹനങ്ങൾ മണിക്കൂറുകളോളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കുരുക്കിലകപ്പെട്ടത്. നേരിട്ടെത്തി വേണം ടിക്കറ്റെടുക്കാൻ.

സെപ്തംബർ ആറിന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ചില്ലുപാലം ഉദ്ഘാടനം ചെയ്ത ശേഷം എല്ലാ ദിവസവും പരമാവധി സന്ദർശകരുണ്ടായിരുന്നു. രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. ഒരേസമയം 15 പേർക്ക് പ്രവേശിക്കാം. ഒരാൾക്ക് അഞ്ചു മുതൽ 10 മിനിറ്റ് വരെ ചെലവഴിക്കാം. കടുത്ത കാറ്റോ മഴയോ ഉള്ളപ്പോൾ നിയന്ത്രണമുണ്ടാവും. ഒരു ദിവസം 1000- 1200 പേർക്കാണ് പ്രവേശനം.

 വരുമാനം 2.50 കോടി 2.50 കോടി രൂപയാണ് ഇതുവരെയുള്ള ടിക്കറ്റ് വരുമാനം. ജർമ്മനിയിൽ നിന്നെത്തിച്ച ഗ്ലാസിൽ നിർമ്മിച്ച പാലത്തിന് മൂന്ന് കോടിയാണ് നിർമ്മാണച്ചെലവ്. ഒരാൾക്ക് 250 രൂപയാണ് പ്രവേശന ഫീസ്. സ്വകാര്യ സംരംഭകരുമായി ചേർന്ന് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്. വരുമാനത്തിന്റെ 40 ശതമാനം ഡി.ടി.പി.സിക്കും 60 ശതമാനം കമ്പനിക്കുമാണ്.